തൊഴിൽക്ഷമതയിൽ കേരളം മൂന്നാം സ്ഥാനത്ത്, വനിതകളുടെ ഇഷ്ട തൊഴിലിടങ്ങളില്‍ കൊച്ചിയും

രാജ്യത്ത് മികച്ച തൊഴിൽക്ഷമതയുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളവും. 'ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2022'-ലാണ് യുവാക്കളുടെ തൊഴിൽ ക്ഷമതയിൽ കേരളം മൂന്നാം സ്ഥാനം നേടിയത്. 64.2 ശതമാനമാണ് സംസ്ഥാനത്തിന്റെ തൊഴിൽക്ഷമത. മഹാരാഷ്ട്രയും (66.1 ശതമാനം) ഉത്തർപ്രദേശുമാണ് (65.2) പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

ബംഗാൾ, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഹരിയാണ എന്നിവയാണ് തൊഴിൽ ക്ഷമതയിൽ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ. 2016 മുതൽ പ്രസിദ്ധീകരിക്കുന്ന സർവേ റിപ്പോർട്ടിൽ ആദ്യമായാണ് കേരളം ഇടംപിടിക്കുന്നത്.

യുവാക്കളുടെ തൊഴിൽക്ഷമതയിൽ മുന്നിലുള്ള ആദ്യ മൂന്ന് നഗരങ്ങൾ യഥാക്രമം പുണെയും ലഖ്നൗവും തിരുവനന്തപുരവുമാണ്. നാലാം സ്ഥാനത്ത് കൊൽക്കത്തയും അഞ്ചാം സ്ഥാനത്ത് ബെംഗളൂരുവും ഇടംപിടിച്ചു.വനിതകളുടെ ഇഷ്ട തൊഴിലിടങ്ങളിൽ ബെംഗളൂരു, കൊച്ചി, ഹൈദരബാദ് നഗരങ്ങളാണ് മുന്നിലുള്ള ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അതേസമയം, യുവാക്കൾക്ക് പ്രിയപ്പെട്ട തൊഴിലിടങ്ങളിൽ മുന്നിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളാണ്.

രാജ്യത്ത് യുവാക്കളുടെ മൊത്തം തൊഴിൽ ക്ഷമത 48.7 ശതമാനമാണ്. 22-25 പ്രായപരിധിയിൽ വരുന്നവരാണ് തൊഴിൽക്ഷമതയിൽ മുന്നിൽ.എന്നാൽ, തൊഴിലവസരങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും കാര്യത്തിൽ ആശങ്കയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 15.77 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. മാത്രമല്ല, ഇംഗ്ലീഷ് ഭാഷയിൽ വൈദഗ്ധ്യമുള്ള സംസ്ഥാനങ്ങളിൽ ഇടംനേടിയ കേരളം കണക്കിലും കംപ്യൂട്ടർ വൈദഗ്ധ്യത്തിലും പിന്നിലാണ്.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ.) അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു.), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.), കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം, അസാപ് കേരള (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) എന്നിവയുമായുമായുള്ള പങ്കാളിത്തത്തോടെ 'വീ ബോക്സ്' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

പ്രിയപ്പെട്ട തൊഴിലിടം ബെംഗളൂരു

സ്ത്രികൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട തൊഴിലിടം 'ഇന്ത്യയുടെ സിലിക്കൺ വാലി' എന്നറിയപ്പെടുന്ന ബെംഗളൂരുവാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ