പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കാൻ ഇനി രണ്ടു രേഖകള്‍ മാത്രം മതി

കണ്ണൂർ : പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി അപേക്ഷയോടൊപ്പം ഇനി രണ്ടു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്ഇബി. പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

പുതിയ കണക്ഷനായി അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് നല്‍കേണ്ടത്. 

തിരിച്ചറിയല്‍ രേഖകള്‍ ഇവയെല്ലാം
തിരിച്ചറിയല്‍ രേഖയായി വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവ./ ഏജന്‍സി/ പബ്ലിക് സെക്ടര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുനിസിപ്പാലിറ്റിയില്‍ നിന്നോ കോര്‍പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്. 

നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫിസര്‍/ കെഎസ്ഇബി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി), നടപ്പു വര്‍ഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കില്‍ വാടക കരാറിന്റെ പകര്‍പ്പും മേല്‍പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റിയില്‍ നിന്നോ കോര്‍പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന താമസക്കാരന്‍ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്. 

ആധാറുമായി ബന്ധിപ്പിക്കാനും നീക്കം
നിലവില്‍ കണക്ഷന്‍ എടുത്തിട്ടുള്ളവരുടെ ആധാര്‍ നമ്പര്‍ കൂടി ബന്ധിപ്പിക്കാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. ഇതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദം തേടിയിരിക്കുകയാണ്. വൈദ്യുതി ബില്‍ കുടിശികയുണ്ടെന്ന പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ ബില്‍ തുക ഒടുക്കുന്ന രീതി പരിഷ്‌കരിക്കാനും കെഎസ്ഇബി നടപടി തുടങ്ങിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ