കോവിഡിന്റെ മറവിൽ വിമാനക്കമ്പനികൾ പ്രവാസികളെ പലവഴികളിൽ പിഴിയുന്നുവെന്ന് പരാതി
കണ്ണൂർ : കോവിഡിന്റെ മറവിൽ വിമാനക്കമ്പനികൾ പ്രവാസികളെ പലവഴികളിൽ പിഴിയുന്നുവെന്ന് പരാതി. അവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്കു മടങ്ങിപ്പോകുന്നവരാണ് ഇതോടെ കടുത്ത ആശങ്കയിലായത്. യാത്രയ്ക്കു മുൻപ് നടത്തുന്ന ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാനോ തുക തിരികെ നൽകാനോ ചില എയർലൈൻ കമ്പനികൾ തയാറാകാത്തതാണ് പ്രശ്നം. ഇതോടെ പതിനായിരങ്ങളാണ് നഷ്ടം വരുന്നത്.
സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് നൽകേണ്ടത്. സൗദിയിൽ അഞ്ചു ദിവസവും ഖത്തറിൽ രണ്ടു ദിവസവുമാണ് നിർബന്ധിത ക്വാറന്റീൻ. 48 മണിക്കൂർ മുൻപ് നടത്തുന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ യാത്ര മുടങ്ങും. ഈ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാനോ തുക തിരികെക്കൊടുക്കാനോ ചില വിമാനക്കമ്പനികൾ തയാറാകാത്തതാണ് പ്രശ്നം.
*കൃത്യതയില്ലാത്ത പരിശോധന ഫലം*
വിമാനത്താവളത്തിലെ കോവിഡ് പരിശോധനയാണ് യുഎഇ യാത്രക്കാരെ വലയ്ക്കുന്നത്. പരിശോധനയ്ക്ക് കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്ക് മാത്രമല്ല, കൃത്യതയില്ലാത്ത പരിശോധനാ ഫലവും വിനയാകുന്നതായി ഉദാഹരണങ്ങൾ സഹിതം പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ സ്വകാര്യ ലാബുകളിൽ നിന്നുള്ള ഫലം വൈകുന്നതും യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. 48 മണിക്കൂറിനുള്ളിൽ ഫലം ലഭിച്ചില്ലെങ്കിൽ വിമാനത്താവളത്തിൽ പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതിയാകും.
Comments
Post a Comment