മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ ജോസ് കെ മാണി എം പിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ ആശുപത്രിയിലേക്കു മാറിയിരിക്കുകയാണെന്ന് ജോസ് കെ മാണി പറഞ്ഞു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. രോഗ ബാധിതനായതിനാല്‍ പൊതു പരിപാടികളെല്ലാം ഒഴിവാക്കേണ്ടി വന്നിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മരണാനന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഷോപ്പിംഗ് മാളുകളിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ 25 സ്‌ക്വയര്‍ ഫീരില്‍ ഒരാളെന്ന നിലയിലാണ് പ്രവേശനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനം 15 ദിവസം അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ 10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്നാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞിരുന്നു. ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. എന്നാല്‍ കെവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ആവശ്യപ്പെട്ടിരുന്നു.
Comments
Post a Comment