അരിയും മണ്ണെണ്ണയും മാത്രമല്ല 5000 രൂപവരെ ഇനി റേഷൻ കടയിൽ നിന്ന് പിൻവലിക്കാം
കൊച്ചി : പത്ത് കിലോ അരി, രണ്ട് കിലോ ഗോതമ്പ്, ഒരു ലിറ്റർ മണ്ണെണ്ണ, അയ്യായിരം രൂപയും'' സ്മാർട്ട് റേഷൻ കാർഡ് നീട്ടി കടക്കാരനോട് ഗുണഭോക്താവ് പറയാൻ ഇനി അധിക നാൾ വേണ്ട. കടയുടമ അരിയും ഗോതമ്പും തൂക്കിക്കൊടുക്കുന്നതിനൊപ്പം, പണവും എണ്ണിക്കൊടുക്കും. റേഷൻ കടകൾ മിനി എ.ടി.എം സേവന കേന്ദ്രങ്ങളാകുമ്പോൾ എ.ടി.എം കാർഡു പോലുള്ള സ്മാർട്ട് കാർഡ് ഇ പോസ് മെഷീനിലേക്ക് കടത്തി വയ്ക്കും. പരമാവധി 5000 രൂപ വരെ പിൻവലിക്കാം.കൈകാര്യം ചെയ്യാനുള്ള നിശ്ചിത തുക ബാങ്ക് റേഷൻ കട ലൈസൻസിക്ക് നൽകും. കൂടുതൽ തുക കടക്കാരൻ നൽകിയാലും കമ്മീഷൻ ഉൾപ്പെടെയുള്ള തുക ലൈസൻസിയുടെ അക്കൗണ്ടിൽ അന്നു തന്നെ എത്തും.റേഷൻ കാർഡുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്ന ഉദ്യമം അവസാനഘട്ടിത്തിലെത്തിയിട്ടുണ്ട്. അതു വഴി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളുമായി റേഷൻ കാർഡ് ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമാകുന്ന ബാങ്കിൽ ഗുണഭോക്താവ് അക്കൗണ്ടെടുത്ത് മതിയായ ബാലൻസ് ഉറപ്പാക്കിയാൽ പണം പിൻവലിക്കാനാകും. ഗ്രാമപ്രദേശങ്ങളിലെ ആയിരം റേഷൻകടകളിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ പങ്കാളികളാകാൻ എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് മുന്നോട്ടു വന്നിട്ടുള്ളത്
Comments
Post a Comment