മുഴപ്പിലങ്ങാട് താലപ്പൊലി മാർച്ച് 7 മുതൽ 9 വരെ

എടക്കാട് :മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 7, 8, 9 തീയ്യതികളിൽ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമി ക്രോണിൻ്റെ വ്യാപനം തടയാൻ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗരേഖ പാലിച്ചുകൊണ്ടായിരിക്കും ഉത്സവം. പ്രത്യേക സാഹചര്യത്തിൽ പൊന്നും ഭണ്ഡാരം എഴുന്നള്ളത്തിലും, കാഴ്ചവരവിലും , കലശമെഴുന്നള്ളത്തിലും ഭക്തജന പങ്കാളിത്തം കുറക്കണമെന്നു് തീരുമാനിച്ചു.കലശം എഴുന്നള്ളത്തിന് ആരംഭം തൊട്ട് ക്ഷേത്ര പ്രദക്ഷിണം പൂർത്തീകരിക്കുന്നത് വരെ 5 ചെണ്ടകൾ മാത്രമെ പാടുള്ളു. കലശമെഴുന്നള്ളത്ത് രാത്രി 12 മണിക്കുള്ളിൽ ക്ഷേത്ര പ്രദക്ഷിണം പൂർത്തീകരിക്കണം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രകലകൾ സംഘടിപ്പിക്കാം. മഹാമാരി പൂർണമായും വിട്ടുപോകാത്ത സാഹചര്യത്തിൽ ഉത്സവം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ക്ഷേത്രക്കമ്മിറ്റി വിളിച്ചു ചേർത്ത പോലീസ് അധികൃതർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉത്സവാഘോഷക്കമ്മിറ്റി, കാഴ്ചക്കമ്മിറ്റികൾ, വരവേൽപ്പ് കമ്മിറ്റി ,ദീപാലങ്കാര കമ്മിറ്റി തുടങ്ങിയവയുടെ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നാടിൻ്റെ പെരുമ വർദ്ധിപ്പിക്കും വിധം ഉത്സവം ഭംഗിയാക്കുന്നതിന് എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. എടക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് യോഗം ഉദ്ഘാടനം ചെയ്തു.ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് എ.പ്രേമൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രക്കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.വി.രാജീവൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.കെ.സുകുമാരൻ നന്ദിയും പറഞ്ഞു

Comments