പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിനു ശിലയിട്ട് സി.പി.എം.
തിരുവനന്തപുരം : പുതുതായി നിർമ്മിക്കുന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എ.കെ.ജി. സെൻററിനു സമീപം ഗ്യാസ് ഹൗസ് ജങ്ഷനിലുള്ള സ്ഥലത്താണ് മന്ദിരം പണിയുന്നത്. രണ്ട് ബേസ്മെന്റ് ഫ്ലോറുകൾക്കു പുറമേ ഒൻപത് നിലയിലാണ് കെട്ടിടത്തിനുള്ളത്. ഇതിൽ ആറ് നിലകളിലെ നിർമാണത്തിനാണ് നിലവിൽ അനുമതി കിട്ടിയത്. ശേഷിക്കുന്ന മൂന്നുനിലകൾക്ക് എയർപോർട്ട് അതോറിറ്റിയുടെ അനുമതി കിട്ടാനുണ്ട്. അനുമതിയുള്ള ആറു നിലകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. പൂർണ്ണമായും ഹരിത കെട്ടിടം എന്ന ആശയം മുൻനിർത്തിയാണ് ആസ്ഥാനമന്ദിരത്തിന്റെ രൂപകല്പന. വൈദ്യുതി സ്വയംപര്യാപ്തതയായി സോളാർ പാനലുകൾ വിന്യസിക്കും. പുതിയ കാലത്തിന്റെ വിവരസാങ്കേതിക സൗകര്യങ്ങളും ആധുനിക സങ്കേതങ്ങളുടെ സാധ്യതകളും എല്ലാം മന്ദിരത്തിലുണ്ടാകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസ് പുതിയ മന്ദിരത്തിലേക്കു മാറുന്നതോടെ എ.കെ.ജി. സെൻറർ പഠനഗവേഷണ കേന്ദ്രമായി മാറുംമെന്നും കോടിയേരി പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിങ്ങിന്റെ ഉദ്ഘാടനം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി നിർവഹിച്ചു. കേന്ദ്രകമ്മിറ്റിഅംഗം എ. വിജയരാഘവൻ എ. കെ. ബാലൻ, കെ. കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment