കണ്ണൂർ വിമാനത്താവളത്തിൽ ഗഗൻ സംവിധാനം.പരീക്ഷണപ്പറക്കൽ നടത്തി
കണ്ണൂർ : ജി.പി.എസ് സഹായത്തോടെ വിമാനം ഇറക്കുന്നതിനുള്ള ഗഗൻ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ നടത്തി. എയർപോർട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തിൽ രണ്ട് ദിവസത്തെ കാലിബ്രേഷൻ നടത്തിയത്.
ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങൾക്ക് സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഗഗൻ (ജി.പി.എസ്. എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ) വഴി ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായി കണ്ണൂർ വിമാനത്താവളത്തിലാണ് ഈ സംവിധാനം പരീക്ഷിച്ച് നടപ്പാക്കുന്നത്. ഐ.എസ്.ആർ.ഒ.യും എയർപോർട്ട് അതോറിറ്റിയും ചേർന്ന് 774 കോടി രൂപയോളം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക. മോശം കാലാവസ്ഥയിലും റൺവേയിൽ സുരക്ഷിതമായി വിമാനമിറക്കാൻ ഇതുവഴി സാധിക്കും.
അപ്രോച്ച് പ്രൊസീജിയർ കാലിബ്രേഷൻ വെള്ളിയാഴ്ച വൈകുന്നേരമാണ് പൂർത്തിയായത്. പരിശോധനയുടെ റിപ്പോർട്ട് ഡി.ജി.സി.എ.ക്ക് കൈമാറും. ഡി.ജി.സി.എ.യുടെ അനുമതി ലഭിക്കുന്നതോടെ ഗഗൻ സംവിധാനം വിമാനത്താവളത്തിൽ പ്രവർത്തനക്ഷമമാകും.
ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ലാൻഡിങ് രീതിയായതിനാൽ വിമാനത്താവളത്തിൽ പ്രത്യേക ഉപകരണങ്ങളൊന്നും സ്ഥാപിക്കേണ്ടതില്ല. പൈലറ്റ് അനൂപ് കച്ച്റു, സഹ പൈലറ്റ് ശക്തി സിങ് എന്നിവരാണ് കാലിബ്രേഷൻ വിമാനം പറത്തിയത്.
എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ഷംസർ സിങ്, എൽ.ഡി.മൊഹന്തി, നവീൻ ദൂദി, ഡി.ജി.സി.എ. ഉദ്യോഗസ്ഥരായ രവീന്ദർ സിങ് ജംവാൾ, വാസു ഗുപ്ത, എ.എം.ഇ. തരുൺ അഹ്‌ലാവത്ത്, ടെക്നീഷ്യൻ സച്ചിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിയാൽ സി.ഒ.ഒ. എം.സുഭാഷ്, ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ എന്നിവരും പങ്കെടുത്തു.
കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ പലപ്പോഴും മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിടാറുണ്ട്. മൂടൽ മഞ്ഞ് കാരണം വ്യാഴാഴ്ച രാവിലെ ഹൈദരാബാദിൽ നിന്നുള്ള വിമാനം കോഴിക്കോട്ടേക്ക് തിരിച്ചു വിട്ടിരുന്നു.
ലാൻഡിങ്ങിന് സഹായിക്കുന്ന ഉപകരണമായ ഐ.എൽ.എസ്. (ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം) കണ്ണൂരിലെ ഒരു റൺവേയിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടാമത്തെ റൺവേയിലും ഇത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും റൺവേ വികസനം നടത്തേണ്ടതിനാൽ മാറ്റി വെക്കുകയായിരുന്നു.
Comments
Post a Comment