സിയാലിന്റെ പയ്യന്നൂർ സൗരോർജ പ്ലാന്റ് ഉദ്‌ഘാടനം മാർച്ച് 6ന്
പയ്യന്നൂർ : സംസ്ഥാന സർക്കാരിന്റെ വികസന മുന്നേറ്റത്തിന് ഹരിതശോഭ പകർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ).
സിയാലിന്റെ പയ്യന്നൂർ ഏറ്റുകുടുക്ക കിണർമുക്കിൽ പൂർത്തിയായ സൗരോർജ പ്ലാന്റിന്റെ ഉദ്‌ഘാടനം 2022 മാർച്ച് 6ന് 10:30 ന് ബഹു:കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കും.ലോകത്തിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം എന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിയ വിമാനത്താവളമാണ് കൊച്ചി.അതോടൊപ്പം പരിസ്ഥിതി സൗഹൃദമായ പുതിയ പദ്ധതികളും ഏറ്റെടുക്കാൻ തുടങ്ങി. അതിന്റെ ഭാഗമായാണ് ഏറ്റുകുടുക്കയിൽ സജ്ജമായ സൗരോർജ പ്ലാന്റ് .
12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഈ പ്ലാന്റിൽ നിന്ന് പ്രതിദിനം 48000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ദക്ഷിണേന്ത്യയിൽ തന്നെ ആദ്യത്തെ ഭൂപ്രദേശാനുസൃതമായ സൗരോർജ പ്ലാന്റാണിത്.ചരിവുകൾ നികത്താതെ ഭൂമിയുടെ ഘടന അതേപടി നിലനിർത്തിക്കൊണ്ടാണ് പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ വരുന്ന കിണർമുക്കിലെ 35 ഏക്കർ സ്ഥലത്താണ് പ്ലാന്റ് പൂർത്തിയായിട്ടുള്ളത്.
Comments
Post a Comment