കേന്ദ്രം വാക്കുപാലിക്കുന്നില്ല ; കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്
ഡൽഹി : വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കി കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻമോർച്ച ഏപ്രിൽ 11 മുതൽ 17 വരെ പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മിനിമം താങ്ങുവില, പ്രക്ഷോഭകാല കേസുകൾ പിൻവലിക്കൽ എന്നിവയിൽ സർക്കാർ വാക്ക് പാലിക്കാത്തതിലും ലഖിംപുർ കേസ് അട്ടിമറിനീക്കത്തിനെതിരെയും മാർച്ച് 21ന് അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധദിനം ആചരിക്കും. ഡൽഹി ഗാന്ധി പീസ് ഫൗണ്ടേഷൻ ഹാളിൽ ചേർന്ന, 20 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വാരാചരണത്തിന്റെ ഭാഗമായി ധർണകൾ, പ്രകടനങ്ങൾ, സെമിനാറുകൾ എന്നിവ നടത്തും. ലഖിംപുർ ഖേരി കേസിൽ ക്രിമിനലുകളെ സംരക്ഷിക്കാനും കർഷകരെ കുടുക്കാനും ഉത്തർപ്രദേശ് പൊലീസും പ്രോസിക്യൂട്ടർമാരും ശ്രമിക്കുന്നതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിപുത്രനു ജാമ്യം ലഭിച്ചശേഷം കേസിലെ മുഖ്യസാക്ഷി ആക്രമിക്കപ്പെട്ടു. വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും കർഷകകുടുംബങ്ങൾക്ക് സഹായം നൽകുമെന്നും യോഗം വ്യക്തമാക്കി. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ കർഷകർ സജീവമായി അണിചേരും.
Comments
Post a Comment