പത്ത് മിനിറ്റിനുള്ളിൽ ഇനി ഓർഡറെത്തും; സ്പീഡ് ഡെലിവറി പ്രഖ്യാപിച്ച് സൊമാറ്റോ
ഭക്ഷണപ്രിയർക്കായി പുതിയ പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ. സൊമാറ്റോ ഉടൻ തന്നെ 10 മിനിറ്റ് ഫുഡ് ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി സ്ഥാപകൻ ദീപീന്ദർ ഗോയൽ വ്യക്തമാക്കി. പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ടെക് പ്ലാറ്റ്ഫോമുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്പീഡ് ഡെലിവറി പ്രഖ്യാപനങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു ഫുഡ് ഡെലിവറി കമ്പനി ആദ്യമായാണ് സ്പീഡ് ഡെലിവറി സംവിധാനം അവകാശപ്പെടുന്നതെന്ന് ദീപീന്ദർ ഗോയൽ പറഞ്ഞു.ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കു വേഗത്തിൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. നിലവിൽ ആപ്പിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ‘ഫാസ്റ്റസ്റ്റ് ഡെവലിറി’ ഓപഷൻ ആണെന്നും ഇതാണ് പുതിയ തീരുമാനങ്ങൾക്കു വഴിവച്ചതെന്നും സൊമാറ്റൊ വ്യക്തമാക്കി.സൊമാറ്റോയുടെ ശരാശരി ഡെലിവറി സമയം 30 മിനിറ്റ് എന്നത് വളരെ സാവധാനത്തിലാണെന്ന് തോന്നിയിട്ടുണ്ട്. കാലഹരണപ്പെട്ട ഇത്തരം സംവിധാനങ്ങളിൽ നമ്മൾ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ മറ്റൊരാൾ കൊണ്ടുവരും. ടെക് വ്യവസായത്തിൽ പിടിച്ചുനിൽക്കാനും മുന്നേറാനും ഇത്തരം മാറ്റങ്ങൾ ആദ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും സൊമാറ്റോ സ്ഥാപകൻ പറഞ്ഞു.സൊമാറ്റോയുടെ പുതിയ സേവനം വിജയകരമായാൽ സ്വിഗ്ഗി പോലുള്ള തങ്ങളുടെ എതിരാളികളും സമീപഭാവിയിൽ സമാനമായ സേവനങ്ങളുമായി രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments
Post a Comment