രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കേസുകള്‍

രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയർന്നു. കൊവിഡ് കേസുകളിൽ ആഴ്ചകളോളം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ദില്ലി വീണ്ടും കൊവിഡ് ഭീതിയിലേക്ക് നീങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 11നും 18നും ഇടയിൽ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വർധിച്ചു. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരിൽ മൂന്ന് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്. അതിനിടെ ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ ഇന്നലെ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ