യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയോളം വർദ്ധനവ്
പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്ന് മുതൽ അഞ്ചിരട്ടി വരെ നിരക്ക് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കവർന്നെടുത്ത നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഈ സമയത്തെ ടിക്കറ്റ് നിരക്ക് വർദ്ധനവ് ആളുകളുടെ കൈ പൊള്ളിക്കുന്നതാണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംഭവിച്ച ടിക്കറ്റ് നിരക്ക് വർദ്ധനവ് സാധാരണക്കാരന് താങ്ങാവുന്നതിലും മുകളിലാണ്. അതുകൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചവരും നിരവധിയാണ്. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് ശരാശരി 7729 രൂപയാണെങ്കിൽ ഈ മാസം 30ന് ഇത് 32,227 രൂപ മുതൽ 40,143 രൂപ വരെയാണ്. മാത്രവുമല്ല തിരിച്ചു പോക്ക് വേറെ എയർലൈനുകളിൽ തരപ്പെടുത്തിയാൽ മാത്രമേ ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കു. ഒരേ എയർലൈനുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ നിരക്ക് ഇതിലും കൂടും.
പക്ഷെ അവധി സീസണുകളിൽ ടിക്കറ്റ് നിരക്ക് വർധിക്കുന്നത് പുതിയ പല്ലവിയല്ല. എല്ലാ ആഘോഷവേളകളിലും ഈ വർദ്ധനവ് പതിവുള്ളതാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്ര വലിയ വർധനവ് സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.ഇതിപ്പോൾ ഒരു നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ആവശ്യമായി വരും. ഇനി ഇത്രയും വലിയ തുക കൊടുക്കാൻ തയാറായാൽ പോലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്
Comments
Post a Comment