പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകർ; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിർബന്ധമാക്കുന്നു. സ്കൂളുകളിലെ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് മാർഗരേഖ പുറപ്പെടുവിക്കാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവിലാണ് നിർദേശം.വനിതാ പരിശീലകരില്ലാത്ത പക്ഷം അധ്യാപികയുടെ മേൽനോട്ടമുണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികളാകുകയും, പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപെടുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്. പെൺകുട്ടികൾ മാത്രമുള്ള സ്പോർട്സ് ഹോസ്റ്റലുകൾ പൂർണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലാകണം.
കായിക പരിശീലകൻ കുട്ടികളോട് ശിശുസൗഹാർദപരമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ ഉൾപ്പെടെ വകുപ്പുതല നടപടികൾ സ്വീകരിക്കണം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും ശ്രദ്ധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ അംഗം ബി.ബബിത നിർദേശം നൽകി.
.
Comments
Post a Comment