സ്കൂളുകളിൽ നിന്ന് വിനോദയാത്ര: ഇനിമുതൽ വിവരം മോട്ടോർവാഹന വകുപ്പിന് കൈമാറണം ; മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം : ഇനിമുതൽ സ്കൂളുകളിൽ നിന്ന് വിനോദയാത്രകളും പഠന യാത്രകളും നടത്തുബോൾ ഇക്കാര്യം മോട്ടോർവാഹന വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി ആന്റണി രാജു. പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു വിദ്യാർത്ഥികളും അധ്യാപകനും മരിച്ച സംഭവത്തെ തുടർന്നാണ് നിർദേശം.
സ്കൂളുകളിൽ നിന്ന് വിനോദ യാത്രകൾ പോകുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മറ്റു പരിശോധനകളും സ്കൂൾ അധികൃതർ പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയും നിർദേശം നൽകി.
അപകടത്തിനു ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അമിത വേഗത്തിലാണ് ഡ്രൈവ് ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറിൽ 97.7കിലോമീറ്റർ വേഗത്തിലായിരുന്നു ബസ് എന്ന് ജിപിഎസ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നു.
വിനോദ യാത്ര പുറപ്പെടും മുൻപ് മറ്റൊരു യാത്ര കഴിഞ്ഞാണ് ഡ്രൈവർ ബസുമായി എത്തിയത്. അപകട ശേഷം ബസ് ഡ്രൈവർ ഒളിവിലാണ്. ഇതുകൊണ്ട്തന്നെ ഇനിമുതൽ സ്കൂളുകളിൽ നിന്ന് സ്വകാര്യ, ടൂറിസ്റ്റ് വാഹനങ്ങളിൽ യാത്ര പുറപ്പെടും മുൻപ് സമീപത്തെ മോട്ടോർ വാഹന വകുപ്പിന് വിവരം നൽകണം.
യാത്ര പോകുന്ന വാഹനത്തിന്റെ ഡ്രൈവരെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും മന്ത്രി ആന്റണി രാജു നിർദേശം നൽകി.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂർ പോയ ബസ്, കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന്‍റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Comments
Post a Comment