ഭിന്നശേഷിക്കാർക്ക് പരിശീലനം: പദ്ധതികൾ ഒരു കുടക്കീഴിലാക്കും
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്കുള്ള പരിശീലനത്തിനും അവരുടെ തൊഴിൽ, ക്ഷേമ, ആരോഗ്യ പദ്ധതികളുടെ ഏകോപനത്തിനും പദ്ധതി ഗുണനിലവാരം ഉറപ്പാക്കാനും സംസ്ഥാനതലത്തിൽ ഏപ്പെക്സ് സംവിധാനത്തിനു സർക്കാർ നടപടി ആരംഭിച്ചു. ഇന്നു തിരുവനന്തപുരത്തു നടക്കുന്ന ഉന്നതതല യോഗത്തിൽ അന്തിമ രൂപരേഖയാകും.
വിവിധ പദ്ധതികൾ ഒരു കുടക്കീഴിലാക്കാൻ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റലി ചാലഞ്ച്ഡിനെ (എസ്ഐഎംസി) ഏപ്പെക്സ് സ്ഥാപനമാക്കാനാണു ധാരണ. സ്ഥാപനത്തിനു മേഖലാ കേന്ദ്രങ്ങളും ആരംഭിക്കും. സ്ഥാപനത്തെക്കുറിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനും വിവിധ വകുപ്പു തലവന്മാരും വിദഗ്ധരും അംഗങ്ങളുമായ സമിതി രൂപരേഖ തയാറാക്കി.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെക്കുറിച്ചു 10 വർഷം മുൻപ് ഡോ.എം.കെ. ജയരാജൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. എസ്ഐഎംസിക്കു കീഴിൽ സെറിബ്രൽ പാൾസി, ഓട്ടിസം, മാനസിക, പഠന വെല്ലുവിളി തുടങ്ങിയ അവസ്ഥകളുടെ ചികിത്സയും പരിശീലനവും ഉൾപ്പെടുത്തും.
സ്പെഷൽ സ്കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന, സ്ഥാപനങ്ങൾ എന്നിവയുടെ ഭരണപരവും അക്കാദമികവുമായ ഏകോപനവും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്. സംസ്ഥാന ജനസംഖ്യയിൽ 3.4% പേർ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരാണെന്നാണു കണക്ക്.
Comments
Post a Comment