അരിവില കുതിക്കുന്നു
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ജി എസ് ടി പരിഷ്കാരവും കേരളത്തിലേക്ക് അരി എത്തുന്ന സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവും കാരണം പൊതുവിപണിയിൽ അരിവില കുതിക്കുന്നു. ഒരുമാസത്തിനിടെ 6 മുതൽ 10 രൂപവരെയാണ് കൂടിയത്.
40 രൂപയുണ്ടായിരുന്ന ജ്യോതി അരിക്ക് 49 - 50 രൂപയായി. 33 രൂപയുടെ മടക്ക് 37 - 40 രൂപ നൽകണം. കുറുവ 28ൽ നിന്ന് 34 ആയും സുരേഖ 35ൽ നിന്ന് 45 ആയും ഉയർന്നു. ജയക്ക് 56 - 60 രൂപയാണ്.
ബ്രാൻഡ് അരികളുടെ വിലയും കുത്തനെ കൂടി ബംഗാളിൽനിന്നുള്ള നൂർജഹാൻ അരിക്ക് മൊത്തവിപണിയിൽ 35 - 40 രൂപയാണ്. ഒന്നര മാസംമുമ്പ് 28 - 35 ആയിരുന്നു. മട്ടയ്ക്ക് 50 - 63 രൂപയാണ്. 25 കിലോ വരെയുള്ള പാക്കിന് കേന്ദ്രസർക്കാർ 5% ജി എസ് ടി ഏർപ്പെടുത്തിയതാണ് ബ്രാൻഡ് അരിയുടെ വില കൂടാൻ പ്രധാന കാരണം.
ആന്ധ്രയിലും കർണാടകയിലും നെല്ലുൽപ്പാദനം കുത്തനെ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ശ്രീലങ്കയിലേക്ക് വൻതോതിൽ അരി കയറ്റുമതി തുടങ്ങിയതും കേരളത്തിലേക്ക് വരവ് കുറച്ചു.
കേരളത്തിൽ ഉൽപാദിപ്പിക്കുന്ന നെല്ല് സർക്കാർ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളിൽ എത്തിക്കുന്നതാണ് ആശ്വാസമാകുന്നത്. റേഷൻകടയിൽ എംഎവൈ കാർഡിന് 35 കിലോയ്ക്ക് പുറമെ ഒരാൾക്ക് 5 കിലോഗ്രാം വീതംവും സൗജന്യമാണ്.
ബിപിഎൽ കാർഡിന് കേന്ദ്രത്തിന്റെ 50 കിലോയ്ക്ക് പുറമേ ഒരാൾക്ക് രണ്ട് രൂപയ്ക്ക് അഞ്ച് കിലോ വീതവും ലഭിക്കുന്നു. സബ്സിഡി കാർഡിന് ഒരംഗത്തിന് 4 രൂപ നിരക്കിൽ രണ്ട് കിലോ വീതം അരിയും സംസ്ഥാന സർക്കാർ നൽകുന്നു. സബ്സിഡി ഇതര വിഭാഗത്തിൽ 10.9 രൂപയാണ് വില.
Comments
Post a Comment