മധുരപലഹാരങ്ങളായും ലഹരി എത്തുന്നോ ; വിദ്യാലയ പരിസരങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ച് എക്‌സൈസ്
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികളെ ലഹരിക്ക് അടിമകളാക്കാൻ ലഹരിമാഫിയ ശ്രമിക്കുന്നുവെന്ന് സംശയം. വിദ്യാലയങ്ങളുടെ പരിസരത്ത് മിഠായികൾ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളുടെ രൂപത്തിൽ ലഹരി ഒഴുകുന്നുണ്ടോയെന്ന് എക്സൈസ് സംശയിക്കുന്നു.
വിദ്യാർഥികളിലേക്ക് ലഹരിയെത്തിക്കാൻ കച്ചവടക്കാർക്കുപോലും അറിയാൻ സാധിക്കാത്ത തരത്തിൽ ലഹരി പദാർഥങ്ങൾ എത്തുന്നുണ്ടെന്ന വിവരമാണ് എക്സൈസിന് ലഭിച്ചത്. ഇതേതുടർന്ന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ എക്സൈസും ആരോഗ്യവകുപ്പും ചേർന്ന് പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഇവയുടെ രാസപരിശോധന ഫലം വരുന്ന മുറയ്ക്ക് തുടർ നടപടികളുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾ കണ്ട സമയത്ത് നടത്തിയ കൗൺസിലിങ്ങിനിടെയാണ് ഇത്തരം മധുരപലഹാരങ്ങളെപ്പറ്റി വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് വിഷയം എക്സൈസിന്റെ മുന്നിലെത്തുകയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും ചെയ്തുവെന്നാണ് വിവരം. ഇവിടെ നിന്ന് സംശയത്തിന്റെ പുറത്ത് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് എക്സൈസ്.
കുട്ടികളിൽ മധുരപലഹാരങ്ങളുടെ മറവിൽ ലഹരി എത്തുന്നുണ്ടെന്ന ആരോപണം മുമ്പും ഉയർന്നിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യം അന്നത്തേതിൽ നിന്ന് വ്യത്യസ്തമാണ്. പുതുതലമുറ ലഹരിമരുന്നുകൾ കൂടുതൽ കേരളത്തിൽ പിടിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ സംശയത്തിനെയും ഗൗരവത്തോടെ തന്നെയാണ് എക്സൈസ് കാണുന്നത്.
വിദ്യാലയങ്ങളുടെ പരിസരത്തുള്ള കച്ചവടക്കാർക്ക് ലഭിക്കുന്ന ഇത്തരം മധുര പലഹാരങ്ങൾ പലപ്പോഴും ലഹരി പദാർഥങ്ങളാണെന്ന് അവർക്ക് ധാരണയുണ്ടാകില്ല. നഗരങ്ങൾക്ക് പുറമെ ഗ്രാമങ്ങളിലും ഇത്തരം മധുരപലഹാരങ്ങൾ വ്യാപകമാകുന്നുണ്ടെന്നാണ് എക്സൈസിന് കിട്ടിയ വിവരം. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ, കോമിക് കഥാപാത്രങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ഉള്ള വർണക്കവറുകളിലാണ് ഇവയെത്തുന്നതെന്നാണ് ആരോപണം.
എന്നാൽ ഇത് വെറും കിംവദന്തിയാകാനാണ് സാധ്യതയെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നത്. വിപണിയിലെത്തുന്ന പുതിയ മിഠായികളേപ്പറ്റിയുള്ള സംശയമാകാം ഇതിന് പിന്നെലെന്നാണ് കരുതുന്നത്. എന്നിരുന്നാലും സംശയം തീർക്കാനുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറയ്ക്ക് ശക്തമായ തുടർ നടപടിയുണ്ടാകുമെന്നും എക്സൈസ് വൃത്തങ്ങൾ പറയുന്നു.
Comments
Post a Comment