ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ

ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ക്ക് ഇന്ന് പ്രണയാഘോഷത്തിന്റെ സമ്മോഹനമുഹൂര്‍ത്തം. പ്രണയദിനം പ്രമാണിച്ച് റൊമാന്റിക് മൂഡിലേക്ക് മാറിയിരിക്കുകയാണ് ഗൂഗിള്‍ ഡൂഡിലും. പ്രണയദിനത്തിന്റെ ഫീല്‍ സമ്മാനിക്കുന്ന നിലയിലാണ് ഗൂഗിള്‍ ഡൂഡിലും ഹോംപേജും ഒരുക്കിയിരിക്കുന്നത്. മഴതുള്ളിയുടെ സാന്നിധ്യമുള്ള പ്രണയവര്‍ണ്ണങ്ങള്‍ നിറച്ചാണ് ഡൂഡില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഹോംപേജിന്റെ ഇരുവശങ്ങളില്‍ ഇടംപിടിച്ചിരിക്കുന്ന പ്രണയചിഹ്നവും പ്രണയദിനത്തിന്റെ ഗൂഗിള്‍ അടയാളമാകുന്നുണ്ട്.

ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണ്. പരസ്പരം സമ്മാനപൊതികള്‍ കൈമാറുന്നതും പരസ്പരം പ്രണയനിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതുമാണ് ഈ ദിനത്തെ സവിശേഷമാക്കുന്നത്. പ്രണയം മടിയിലാതെ തുറന്നുപറയാന്‍ തെരഞ്ഞെടുക്കുന്ന ദിവസമെന്ന പ്രത്യേകതയും ഫെബ്രുവരി 14നുണ്ട്.യഥാര്‍ത്ഥത്തില്‍ വാലന്റൈന്‍ ദിനം ഒരാഴ്ച നീളുന്ന ആഘോഷമാണ്. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. ഇതില്‍ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, അവസാനം വാലന്റൈന്‍സ് ഡേ, അങ്ങനെ നീളുന്നു ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രണയാഘോഷം.

വാലന്റൈന്‍സ് ഡേയുടെ പിന്നില്‍ ഒരു ചരിത്രമുണ്ട്. സെന്റ് വാലന്‍ന്റൈ എന്ന പുരോഹിതന്റെ ഓര്‍മ്മയ്ക്കായാണ് വാലന്റൈന്‍സ് ഡേ ആഘോഷം. റോമന്‍ ഭരണാധികാരിയായിരുന്ന ക്ലോഡിയസ് രണ്ടാമന്‍ യുവാക്കളായ സൈനികര്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്ന നിയമം കൊണ്ടുവന്നു. എന്നാല്‍ പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാനായി പുരോഹിതനായ വാലന്റൈന്‍ രഹസ്യമായി സൈനികരുടെ വിവാഹം നടത്തി കൊടുത്തു. ഇത് അറിഞ്ഞ ഭരണാധികാരി ഫെബ്രുവരി 14ന് വാലന്റൈന്‍ പുരഹോതിന്റെ വധശിക്ഷ നടപ്പാക്കി. ഇതോടെ പ്രണയത്തെ ഒരുമിപ്പിച്ച വാലന്റൈന്‍ പുരോഹിതന്റെ ഓര്‍മ്മയ്ക്കായി വാലന്റൈന്‍സ് ഡേ ആഘോഷിച്ച് തുടങ്ങിയെന്നാണ് ചരിത്രം.

Comments