മുതിര്‍ന്നവര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ 50 ശതമാനം വരെ ഇളവ്! പുനസ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതി

കോവിഡിന് മുൻപ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ നല്‍കിയിരുന്ന ഇളവ് പുനഃസ്ഥാപിക്കാന്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റെയില്‍വേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.

മെയില്‍, എക്സ്പ്രസ്, രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങി എല്ലാ ക്ലാസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ നല്‍കിയിരുന്ന ഈ ഇളവ് 2020 മാര്‍ച്ച്‌ 20 മുതലാണ് നിര്‍ത്തലാക്കിയത്.60 വയസിന് മുകളിലുള്ള പുരുഷ യാത്രക്കാര്‍ക്ക് യാത്രാക്കൂലിയില്‍ 40 ശതമാനവും 58 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു ഇളവ്. 

ബിജെപി എംപി രാധാ മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വെച്ചു. ഈ സമിതിയുടെ മുന്‍ റിപ്പോര്‍ട്ടിലും ഇതേ നിര്‍ദേശം നല്‍കിയിരുന്നു.രാജ്യം ഇപ്പോള്‍ കോവിഡിന്റെ ദുരിതത്തില്‍ നിന്ന് കരകയറിയതായും റെയില്‍വേ വരുമാനത്തിലെ വളര്‍ച്ച സാധാരണ നിലയിലായതായും പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശയില്‍ പറഞ്ഞു. 

സ്ലീപ്പര്‍ ക്ലാസിലെയും 3 എ ക്ലാസിലെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കേണ്ട ഇളവുകള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കമ്മിറ്റി മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ ഇളവ് ഉടന്‍ പുനഃസ്ഥാപിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നാണ് റെയില്‍വേ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ എല്ലാ റെയില്‍വേ യാത്രക്കാര്‍ക്കും 50-55 ശതമാനം നിരക്കിളവ് നല്‍കുന്നുണ്ടെന്നാണ് വാദം.

Comments