നാരങ്ങയ്ക്ക് പൊള്ളുന്ന വില

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ചെലവാകുന്ന ഒന്നാണ് നാരങ്ങ വെള്ളം. എന്നാൽ, ചൂട് കനത്തതോടെ സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
വേനലിൽ ചെറുനാരങ്ങ വില കുതിച്ചുരാറുണ്ടെങ്കിലും ഇത്തവണ അത് നേരത്തെയാണ്. വേനൽ വരും ദിവസങ്ങളിൽ കടുക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരും. റമദാൻ കൂടി എത്തിയാൽ കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ വില കൂടാനാണ് സാധ്യത. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്. 

നാരങ്ങ സോഡയ്ക്കും നാരങ്ങ വെള്ളത്തിനുമൊക്കെ വില കൂട്ടേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. നാരങ്ങയ്ക്ക് മാത്രമല്ല തണ്ണിമത്തനും മറ്റ് പഴവർ​ഗങ്ങൾക്കും വില കൂടി തുടങ്ങി. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികളും പഴവർ​ഗങ്ങൾ എത്തുന്നത് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. 

നാരങ്ങയുടെ വില കയറിയത് നാരങ്ങാവെള്ളത്തിന്റെ വിൽപനയേയും സാരമായി ബാധിച്ചിട്ടുണ്ട്. അച്ചാർ ഉത്പാദനത്തിനും തിരിച്ചടിയായി. കഴിഞ്ഞവർഷം ഏപ്രിലിലാണ് വില 200 കടന്നിരുന്നത്. കർണാടകയിലെ ഗുണ്ടൽപേട്ട് തമിഴ്നാട്ടിലെ തിണ്ടിവനം എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ ജില്ലയിലേക്ക് കൂടുതലായി എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുളള പച്ചക്കറി വരവ് കുറഞ്ഞതോടെ വെണ്ടയ്ക്കും, ബീൻസിനും, മുരിങ്ങയ്ക്കും വില കുതിക്കുകയാണ്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ