എം . വി . ആർ സ്നേക്ക് പാർക്കിൽ കുഞ്ഞതിഥികൾ

പറശ്ശിനിക്കടവ് : എം. വി. ആർ. സ്നേക്ക് പാർക്ക് & സൂ കുടുംബo കുഞ്ഞതിഥികളെ വരവേറ്റിരിക്കുകയാണ്. ജാക്കിന്റെയും റോസിന്റെയും എമു കുഞ്ഞുങ്ങൾ , 'മലർ' എന്ന തൊപ്പികുരങ്ങന്റെ കുസൃതി കുട്ടനായ ' കേശു ' എന്നിവരാണ് പുതിയ അതിഥികൾ . 
സ്നേക്ക് പാർക്കിലെ എമുവാണ് ജാക്കും റോസും .2022 ഡിസംബർ ആദ്യ ആഴ്ച റോസ് ഇട്ട മുട്ടകൾ ജാക്ക് അടയിരുന്നു വിരിയിക്കുകയായിരുന്നു. 52 ദിവസം എടുത്ത് ജനുവരി 22 ന് ആദ്യ മുട്ട വിരിയുകയായിരുന്നു . ജനുവരി 27 ഓടു കൂടി രണ്ടു കുഞ്ഞുങ്ങളെ കൂടി ലഭിച്ചു . റാൻ , ഇവ , നോവ എന്നീ പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം തന്നെ ആരോഗ്യവാന്മാരായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയാണ് എമു . ഒട്ടകപക്ഷിളുടെ അതേ നാടായ ആസ്ട്രേലിയ തന്നെയാണ് ആണ് ഇവരുടേയും ജന്മദേശം. ഒട്ടകപക്ഷികളെ പോലെ തന്നെ എമുവിനും പറക്കാൻ കഴിയില്ല . ആൺ പക്ഷികളാണ് അടയിരുന്നു മുട്ടകൾ വിരിയിക്കുന്നത് . കൂടാതെ 6 -7 മാസത്തോളം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ആൺ പക്ഷികൾ തന്നെയാണ് . കടും പച്ച നിറത്തിലുള്ള എമു മുട്ടകൾക്ക് ഏകദേശം 500 -800 ഗ്രാം ഭാരമുണ്ടാകാറുണ്ട് .
എമു കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ സന്തോഷത്തിനു ഇരട്ടി മധുരം പകരാൻ 'മലർ ' എന്ന തൊപ്പികുരങ്ങന്റെ കുസൃതിക്കുട്ടൻ കൂടിയുണ്ട് . മക്കാക്ക റേഡിയേറ്റ എന്ന ശാസ്ത്രീയ നാമമുള്ള തൊപ്പികുരങ്ങിന് മേയ് ആറാം തീയ്യതിയാണ് '' കേശു '' എന്ന കുട്ടിക്കുരങ്ങൻ ജനിച്ചത് . കേശുവിനെ കളിപ്പിക്കാനും താലോലിക്കുവാനും കൂട്ടിലെ മറ്റ് കുരങ്ങുകൾ ഒപ്പമുണ്ട് . മൂന്ന് നാലു വയസ്സിനുള്ളിൽ പ്രായപൂർത്തി എത്തുന്ന തൊപ്പികുരങ്ങുകളുടെ ഗർഭകാലം 24 ആഴ്ചയാണ് . ഒരു പ്രസവത്തിൽ സാധാരണയായി ഒരു കുഞ്ഞാണുണ്ടാവുക. കുഞ്ഞുങ്ങളെ 6 -7 മാസത്തോളം അമ്മ മുലയൂട്ടാറുണ്ട് . തലയുടെ മുകളിൽ തൊപ്പി പോലെ കൂട്ടമായി മുടികൾ കാണാറുള്ളത് കൊണ്ടാണ് ''തൊപ്പി കുരങ്ങ് '' എന്ന പേര് ലഭിച്ചത് .  

മാർച്ച് മാസത്തിൽ സ്നേക്ക് പാർക്കിലെ ' കല്യാണി ' എന്ന നീർക്കോലിയുടെ മുട്ടകൾ വിരിഞ്ഞു അൻപത്തിയഞ്ചോളം കുഞ്ഞുങ്ങളെ ലഭിച്ചിരുന്നു . സ്നേക്ക് പാർക്കിലെ വന്യ ജീവികളെ കാണാനും അടുത്തറിയുവാനും ഈ അവധിക്കാലത്ത് സന്ദർശകരുടെ തിരക്കാണ് . ഞായറാഴ്ചകളിൽ അയ്യായിരത്തോളം സന്ദർശകർ ഇവിടം സന്ദർശിക്കുന്നു . സെൻട്രൽ സൂ അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മലബാറിലെ ഏക മൃഗശാലയാണ് പറശ്ശിനിക്കടവിലെ എം . വി . ആർ സ്നേക്ക് പാർക്ക് & സൂ . വിവിധയിനം സസ്തിനികൾ, പക്ഷികൾ , പാമ്പുകൾ, മുതലകൾ തുടങ്ങി നിരവധി ഉരഗങ്ങൾ പാർക്കിൽ അന്തേവാസികളായുണ്ട് .  

പാമ്പുകളെ കുറിച്ചുള്ള പൊതുജനങ്ങളുടെ ഭയം നിവാരണം ചെയ്യുന്നതിനും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവത്കരണ ക്ലാസ്സുകൾ സ്നേക്ക് പാർക്ക് നടത്തി വരാറുണ്ട്. കൂടാതെ തിരഞ്ഞെടുത്ത കുട്ടികൾക്കായുള്ള ''സൂ അംബാസഡർ ട്രെയിനിങ് '' ഈ മാസം അവസാനം ആരംഭിക്കുമെന്ന് സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ . കുഞ്ഞിരാമൻ അറിയിച്ചു .

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ