സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്
കോഴിക്കോട് : സര്‍ക്കാര്‍ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങള്‍ വാരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്കൂള്‍ - കോളേജ് അദ്ധ്യാപകര്‍ എന്നിവരെ നിരീക്ഷിച്ച് വിശദവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാനാണ് വിജിലൻസ് നീക്കം.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ഒരു അദ്ധ്യാപകനെ വിജിലൻസ് പിടികൂടിയിരുന്നു. സ്വകാര്യ ട്യൂഷനെടുത്ത് ലക്ഷങ്ങള്‍ ഈ അദ്ധ്യാപകൻ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. അദ്ധ്യാപകൻ പിടിയിലായ വിവരം പുറത്തറിഞ്ഞതോടെ വിജിലൻസ് കണ്ണൂര്‍ യൂണിറ്റിന് നൂറോളം പരാതികളാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത്. ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യവും വിജിലൻസ് അന്വേഷിക്കും.
സംസ്ഥാനത്ത് വ്യാപകമായി തഴച്ചുവളരുന്ന സ്വകാര്യ ട്യൂഷൻ സെന്ററുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് സ്കൂള്‍ - കോളേജ് അദ്ധ്യാപകരുടെയും പിന്തുണയോടെയാണെന്ന് വിജിലൻസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം , കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് മലബാറിലേക്കും മലബാറിലുള്ളവര്‍ തെക്കൻജില്ലകളിലേക്ക് പോയും ഇത്തരം ക്ലാസ്സ് നടത്തുന്നുണ്ട്. ഓണ്‍ലൈനായി ട്യൂഷനെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍ സെക്കൻഡറി മേഖലാ ഡയറക്ടര്‍ എന്നിവരില്‍ നിന്ന് വിജിലൻസ് വിവരങ്ങള്‍ ശേഖരിച്ചു.
അദ്ധ്യാപകരെക്കുറിച്ച് വ്യക്തിപരമായ അന്വേഷണം പാടില്ലെന്ന് വിദ്യാര്‍ത്ഥികളോട് ട്യൂഷൻ സെന്ററുകള്‍ നിര്‍ദ്ദേശിക്കും. വ്യാജ പേരിലാണ് ക്ലാസുകള്‍ നടത്തുക. മണിക്കൂറിന് 1200 രൂപ മുതല്‍ 2000 വരെയാണ് പ്രതിഫലം. ദീര്‍ഘകാല അവധിയെടുത്ത് പുറംപണിക്കിറങ്ങിയവരുമുണ്ട്.
സ്വകാര്യ ട്യൂഷൻ എടുത്തുവെന്ന് വിജിലൻസ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനുമായ കെ.ടി. ചന്ദ്രമോഹനെ മലപ്പുറം വനിതാ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Comments
Post a Comment