‘ടൈറ്റാനിക്' കാണാൻ പോയ അന്തര്‍വാഹിനി കാണാനില്ല ; കാണാതായത് അഞ്ചംഗ സംഘത്തെ

ബോസ്റ്റൺ
മഞ്ഞുമലയിൽ ഇടിച്ച്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു.
പൈലറ്റും നാലു യാത്രക്കാരുമായി പോയ 21 അടി നീളമുള്ള അന്തർവാഹിനി ‘ടൈറ്റൻ’ ഞായറാഴ്ചയാണ്‌ കാണാതായത്‌. ഞായർ രാവിലെ ആറിന്‌ യാത്ര തിരിച്ച അന്തർവാഹിനിയുമായുള്ള ബന്ധം 1.45 മണിക്കൂറിനകം നഷ്ടപ്പെടുകയായിരുന്നു.
ഓഷ്യൻ ഗേറ്റ്‌സ്‌ എന്ന സാഹസിക വിനോദ കമ്പനിയുടെ അന്തർവാഹിനിയാണ്‌ കാണാതായത്‌. പുറപ്പെടുമ്പോൾ അന്തർവാഹിനിയിൽ ആകെ 96 മണിക്കൂറത്തേക്ക്‌ ആവശ്യമായ ഓക്സിജനാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ തീരുംമുമ്പ്‌ അന്തർവാഹിനിയെയും യാത്രക്കാരെയും കണ്ടെത്താനുള്ള തീവ്രശ്രമം ചൊവ്വ രാത്രിയും തുടർന്നു. കറാച്ചി ആസ്ഥാനമായ വൻകിട ബിസിനസ്‌ ഗ്രൂപ്പ്‌ ‘എൻഗ്രോ’ യുടെ ഉടമ ഷഹ്‌സാദാ ദാവൂദ്‌, മകൻ സുലേമാൻ, ബ്രിട്ടീഷ്‌ വ്യവസായി ഹാമിഷ്‌ ഹാർഡിങ്‌, ഫ്രഞ്ച്‌ ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ്‌, ഓഷ്യൻ ഗേറ്റ്‌ എക്സ്‌പെഡീഷൻസ്‌ സിഇഒ സ്‌റ്റോക്ടൺ റഷ്‌ എന്നിവരാണ്‌ ടൈറ്റനിലുണ്ടായിരുന്നത്‌. നാർജിയോലെറ്റ്‌ മുമ്പും ടൈറ്റാനിക്‌ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. സാഹസിക വിനോദസഞ്ചാരത്തിൽ മൂന്ന്‌ ഗിന്നസ്‌ റെക്കോഡുള്ളയാളാണ്‌ ഹാർഡിങ്‌.
മാർഗദർശിയായി പ്രവർത്തിച്ച കപ്പൽ പേളാർ പ്രിൻസാണ്‌ ടൈറ്റനുമായി ബന്ധം നഷ്ടപ്പെട്ടത്‌ റിപ്പോർട്ട്‌ ചെയ്തത്‌. തുടർന്ന്‌ വിവിധ സർക്കാർ ഏജൻസികളും സമുദ്ര പര്യവേഷണ കമ്പനികളും തിരച്ചിൽ ആരംഭിച്ചു. വിമാനങ്ങളും ഹെലികോപ്ടറുകളും സമീപത്തുള്ള കപ്പലുകളും തിരച്ചിലിന്റെ ഭാഗമായി. ആഴക്കടലിലെ വിദൂരഭാഗങ്ങളിലും അന്വേഷണം തുടരുന്നു. 
അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ ഏതാണ്ട്‌ 3800 മീറ്റർ ആഴത്തിലാണ്‌ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്‌. കോടീശ്വരന്മാരായ സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമാണിത്‌. ഒരാൾക്ക്‌ ഏകദേശം 2.5 ലക്ഷം യുഎസ്‌ ഡോളറാണ്‌( രണ്ടുകോടി രൂപ) ഫീസ്‌.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ