കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് സൂചന
കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെന്നൈയില്‍ പരിശീലനം തുടങ്ങി.മംഗളൂരുവില്‍ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം - മംഗളൂരു റൂട്ടിലുള്ള ചില ട്രെയിനുകളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
നിലവില്‍ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസര്‍കോടെത്തും. ഇതേ സമയത്ത് രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവില്‍ നിന്ന് പുറപ്പെടുമെന്നാണ് സൂചന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ട് മണിയോടെ പുറപ്പെട്ടാല്‍ രാത്രി 11 മണിക്കുള്ളില്‍ മംഗളൂരുവിലെത്തും.
തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. ജനശദാബ്ദി രാത്രി 12.25ന് പകരം 12.50നാണ് കണ്ണൂരിലെത്തുക. എക്സിക്യൂട്ടീവ് കുറ്റിപ്പുറം മുതല്‍ 30 മിനിട്ട് വരെ വൈകും. കണ്ണൂരില്‍ രാത്രി 11.10ന് തന്നെയെത്തും.
മംഗളൂരുവില്‍ വന്ദേഭാരതിനുവേണ്ടി വൈദ്യുതിലെൻ വലിച്ച പിറ്റ്‌ലൈൻ സജ്ജമായി. നിലവില്‍ മംഗളൂരുവില്‍ അറ്റകുറ്റപ്പണിക്ക് മൂന്ന് പിറ്റ്‌ലൈനുണ്ട്. ഇവയില്‍ ഒന്നിലാണ് ഓവര്‍ ഹെഡ് ലൈൻ വലിച്ചത്. പാലക്കാട് ഡിവിഷനില്‍ നിന്നുള്ള രണ്ട് ലോക്കോ പൈലറ്റുമാര്‍ക്കാണ് ചെന്നൈയിലെ ആവഡിയില്‍ പരിശീലനം തുടങ്ങിയത്. സാങ്കേതിക കാര്യങ്ങള്‍ നോക്കുന്ന മെക്കാനിക്കല്‍ വിഭാഗവും ചെന്നൈയില്‍ ഇപ്പോള്‍ പരിശീലനത്തിലാണ്.
Comments
Post a Comment