അഞ്ചരക്കണ്ടി പുഴയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ഇന്ന്

ഉത്തരമലബാറിൽ ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഐ പി എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് കടവിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. 
ഉച്ചക്ക് 2.30ന് മന്ത്രി മത്സരങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ഫൈനൽ മത്സരങ്ങൾ അരങ്ങേറും. വൈകീട്ട് അഞ്ചിന് സമ്മാനദാനം നടക്കും.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് നടക്കുക. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള, 60 അടി നീളമുള്ള 14 ചുരുളൻ വളങ്ങളാണ് പങ്കെടുക്കുക. 

കണ്ണൂരിൽ നിന്ന് രണ്ടും കാസർകോടിൽ നിന്നും 12 ഉം ടീമുകളാണുള്ളത്. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജേതാക്കൾക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയുമാണ് സമ്മാനത്തുക. ജേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഒന്നേകാൽ ലക്ഷം രൂപ ബോണസായും നൽകും.

വയൽക്കര മയ്യിച്ച, എകെജി മയ്യിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, ശ്രീ വയൽക്കര വെങ്ങാട്ട്, ഇഎംഎസ് മുഴക്കീൽ, റെഡ്സ്റ്റാർ കാര്യങ്കോട്, പാലിച്ചോൻ അച്ചാംതുരുത്തി എ ടീം, പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം, എ കെ ജി പൊടോത്തുരുത്തി എ ടീം, എ കെ ജി പൊടോത്തുരുത്തി ബി ടീം, കൃഷ്ണപിള്ള കാവുംചിറ എ ടീം, കൃഷ്ണപിള്ള കാവുംചിറ ബി ടീം, നവോദയ മംഗലശ്ശേരി, മേലൂർ സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ്ബ് എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും നടക്കും. സി ബി എൽ കഴിഞ്ഞ വർഷം ചാലിയാറിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉത്തര മലബാറിൽ ജലോത്സവം എത്തുന്നത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ