ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക : യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്ത്

കോഴിക്കോട് : ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. (forbes india rich list yousafali is the richest malayali)

മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 92 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി.

പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഏറ്റവും ധനികനായ മലയാളിയാണ്. 7.1 ബില്യൺ ഡോളർ ആസ്തിയാണുള്ളത്. 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം.

ഏറ്റവും ധനികരായ മലയാളികളിൽ യൂസഫലിക്ക് ശേഷമുള്ളത് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യൺ ഡോളറിന്റെ ആസ്തിയോടെ പട്ടികയിൽ 50ാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞ വർഷം 3.1 ബില്യൺ ഡോളർ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു.

യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 3.7 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിലെ ധനിക മലയാളികളിൽ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ കൂടിയാണ് ഡോ. ഷംഷീർ. കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഇല്ലാതിരുന്ന ഡോ. ഷംഷീർ ഇക്കുറി 57-ാം സ്ഥാനം സ്ഥാനത്തെത്തി. ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച ആഗോള പട്ടികയിൽ ഇന്ത്യൻ വ്യവസായികളിൽ 83ാം സ്ഥാനത്തായിരുന്നു ലോകത്തെ ഏറ്റവും സമ്പന്നനായ റേഡിയോളജിസ്റ്റ് കൂടിയായ അദ്ദേഹം.

വ്യക്തിഗത സമ്പന്നർക്കൊപ്പം 4.9 ബില്യൺ ഡോളർ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുൻനിരയിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 3.25 ബില്യൺ ഡോളർ (റാങ്ക് 67), ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, 3.2 ബില്യൺ ഡോളർ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി, 2.93 ബില്യൺ ഡോളർ (റാങ്ക് 78) എന്നിവരാണ് ഫോബ്സിന്റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

മുൻ വർഷങ്ങളിൽ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുൽ നാഥും ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടർന്ന് ബൈജൂസിന്റെ മൂല്യത്തിൽ വന്ന കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.

ഫോർബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സമ്പന്നരുടെ മൊത്തം ആസ്തിയായ 799 ബില്യണിൽ വൻ കുതിപ്പുണ്ടായിട്ടില്ല. ഓഹരി വിപണിയിൽ 14% വർധനവ് ഉണ്ടായെങ്കിലും രൂപയുടെ മൂല്യ തകർച്ച കാരണം സമ്പത്തിൽ ഇത് പ്രതിഫലിച്ചില്ലെന്നും ഫോബ്സ് വിലയിരുത്തുന്നു. എട്ട് ശതകോടീശ്വരന്മാർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ ഏഴു പേർ പട്ടികയിൽ തിരിച്ചെത്തി.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ