ബാരാപോളിന് മാവോവാദി ഭീഷണി ; അതീവ സുരക്ഷ

കണ്ണൂർ : അയ്യൻകുന്നിലെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണി. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല പൊലീസ് സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി.

ഡി.ഐ.ജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ്.പി എം.ഹേമലത, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

നേരത്തേ വയനാട്ടില്‍നിന്ന് പിടിയിലായ മാവോവാദി സംഘങ്ങളില്‍ നിന്നാണ് ബാരാപോളിന് ഭീഷണിയുണ്ടെന്നകാര്യം പൊലീസിന് ലഭിച്ചത്. ഇതിനുപിന്നാലെ ഉന്നതതല പൊലീസ് സംഘം മാസങ്ങള്‍ക്ക് മുമ്ബ് മേഖലയില്‍ രഹസ്യ സന്ദര്‍ശനം നടത്തുകയും പദ്ധതി പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് സംഘം പദ്ധതി പ്രദേശത്ത് വിശദമായ പരിശോധന നടത്തി. പ്രധാന പ്രവേശന കവാടം ഉള്‍പ്പെടെ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള മേഖലകളിലെല്ലാം നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 21ഓളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പുറമെ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കുന്നതിന് 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കര്‍ണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോടും വനം വകുപ്പ് കണ്ണൂര്‍ ഡിവിഷനിലെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തോടും അതിരിടുന്ന പ്രദേശമാണ് ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി പ്രദേശം. ആറളം, കൊട്ടിയൂര്‍ വനമേഖലകളില്‍ കേന്ദ്രീകരിക്കുന്ന മാവോവാദികള്‍ക്കും ചുകപ്പ് ഇടനാഴിയെന്നറിയപ്പെടുന്ന ബര്‍ണാനി വനമേഖലയില്‍ നിന്നും മാവോവാദികള്‍ക്ക് എളുപ്പത്തില്‍ കേന്ദ്രീകരിക്കാൻ കഴിയുന്ന പ്രദേശം എന്ന നിലയിലും അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്. 

കഴിഞ്ഞ മാസം അയ്യൻകുന്ന് ഉരുപ്പുംകുറ്റി മലയില്‍ മാവോവദികളും തണ്ടര്‍ബോര്‍ട്ട് സംഘവുമായി ഏറ്റുമുട്ടലുണ്ടായി എന്ന് പറയപ്പെടുന്ന പ്രദേശത്തോട് ചേര്‍ന്ന മേഖലയാണിത്. അണക്കെട്ട് സംവിധാനങ്ങളൊന്നും ഇല്ലാതെ ട്രഞ്ച് വിയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാരാപോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാല്‍ പ്രദേശം അതീവ സുരക്ഷ വേണ്ട മേഖലയാണ്. 

വീണ്ടും ഹെലികോപ്റ്റര്‍ നിരീക്ഷണം 

മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട് കണ്ണൂര്‍ ജില്ലകളിലെ വനപ്രദേശങ്ങളില്‍ വെള്ളിയാഴ്ച പൊലീസും തണ്ടര്‍ബോള്‍ട്ടും ഹെലികോപ്ടര്‍ നിരീക്ഷണം നടത്തി. വയനാട് ജില്ലയിലെ മക്കിമല പ്രദേശങ്ങളിലും കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ,ആറളം, അയ്യൻകുന്ന് മേഖലകളിലെ വനപ്രദേശങ്ങളിലുമാണ് ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയത്. 

മലയോര മേഖലയില്‍ മാവോവാദികളുടെ സ്ഥിരം സാന്നിധ്യം ഉണ്ടായതോടെയാണ് പൊലീസും ആന്റി നക്സല്‍ സ്ക്വാഡും ശക്തമായ പരിശോധന നടത്തുന്നതിനിടെ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പും കുറ്റി ഞെട്ടിതോട് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ഈ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബാരാ പോള്‍ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോവാദി ഭീഷണിയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന. മാവോവാദി ഭീഷണി നേരിടുന്ന ഈ മേഖലകളില്‍ തുടര്‍ ദിവസങ്ങളിലും നിരീക്ഷണം തുടരും.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ