കണ്ണും മനസ്സും നിറച്ച് ഹാപ്പിനസ് ചലച്ചിത്രമേളക്ക് കൊടിയിറങ്ങി

തളിപ്പറമ്പ് :
ആയിരം വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിത്രം പോലെ, കാഴ്ചയുടെ വേറിട്ട തലങ്ങള്‍ ഒരു കുടക്കീഴിലാക്കിയ ഹാപ്പിനസ് അന്തരാഷ്ട്ര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. മൂന്നുനാള്‍ പ്രേക്ഷകന്റെ കണ്ണും മനസും നിറച്ചാണ് തളിപ്പറമ്പില്‍ ലോക സിനിമയുടെ ജാലകം അടഞ്ഞത്. തളിപ്പറമ്പ് മണ്ഡലത്തിന്റെ സാംസ്‌കാരിക മേഖലക്ക് കൂടുതല്‍ ഉണര്‍വ്വേകാന്‍ ഹാപ്പിനസ് കള്‍ച്ചറല്‍ കലക്ടീവ് എന്ന കൂട്ടായ്മ ആരംഭിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ തളിപ്പറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, വിവിധ സാംസ്‌കാരിക കൂട്ടായ്മകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവര്‍ത്തനം. ഇതിലൂടെ ചലച്ചിത്രമേളകള്‍, ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍, പുസ്തകമേള, കള്‍ച്ചറല്‍ ഫെസ്റ്റിവലുകള്‍ തുടങ്ങിയവ നടത്തും. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ തളിപ്പറമ്പിനെ അടയാളപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കള്‍ച്ചറല്‍ കലക്ടീവിന്റെ നേതൃത്വത്തില്‍ നടത്തുക. 

തളിപ്പറമ്പ് ചിറവക്കില്‍ ഹാപ്പിനസ് സ്‌ക്വയറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 98 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്. ആയിരത്തിലധികം ആളുകളെ ഇവിടെ ഉള്‍ക്കൊള്ളാനാകും. അടുത്ത വര്‍ഷത്തെ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവെല്‍ ഇതിലും വിപുലമായ രീതിയില്‍ ജനുവരിയില്‍ നടത്തുമെന്നും എം എല്‍ എ പറഞ്ഞു. 

ഹാപ്പിനസ് കള്‍ച്ചറല്‍ കലക്ടീവിന്റെ ലോഗോ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ സംവിധായകന്‍ ജിയോ ബേബിക്ക് നല്‍കി പ്രകാശനം ചെയ്തു.
ക്ലാസിക്, ക്ലാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി 31 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. കൂടാതെ ടൗണ്‍ സ്‌ക്വയറിലെ ഓപ്പണ്‍ തിയേറ്ററില്‍ ദിവസവും രാത്രി പ്രത്യേക പ്രദര്‍ശനവും നടന്നു. ഉദ്ഘാടന ചിത്രമായ 'ദ ഓള്‍ഡ് ഓക്ക്' മുതല്‍ അവസാനമായി പ്രദര്‍ശിപ്പിച്ച മലയാള ചിത്രം കാതലിന് വരെ പ്രേക്ഷകര്‍ മികച്ച പിന്തുണയേകി. നവതി നിറവിലെത്തെിയ എം ടിക്കും നടന്‍ മധുവിനും ആദരവായി 'എം ടി, മധു @90' എന്ന പേരില്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടത്തിയ എക്‌സിബിഷനും ശ്രദ്ധേയമായി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് പ്രദര്‍ശനത്തിനെത്തി പഴയകാല സിനിമാചരിത്രം തൊട്ടറിഞ്ഞത്. 

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ