കണ്ണൂരിൽ ഉയർന്ന ചൂട് : കരുതലോടെ വേണം ജല ഉപയോഗം
കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കണ്ണൂരാണ്. 35.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് കണ്ണൂർ രേഖപ്പെടുത്തിയത്. ശനിയാഴ്ചയും കണ്ണൂരിൽതന്നെയായിരുന്നു ചൂട് കൂടുതൽ. ഈ വർഷമാദ്യം പലതവണ ജില്ല രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ സ്ഥലമായി.
ഫെബ്രുവരി തുടങ്ങുന്നതിനുമുൻപേ പൊള്ളുന്ന വെയിലാണു പുറത്ത്. കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിൽ മഴക്കുറവ് 22 ശതമാനമാണ്. 3277 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്തു കഴിഞ്ഞ വർഷം ലഭിച്ചത് 2552 മില്ലീമീറ്റർ മഴ മാത്രം. ഏറ്റവും മഴക്കുറവുള്ള 2016ലെ വരൾച്ച ഇത്തവണ ഉണ്ടാകില്ലെന്നാണു മുന്നറിയിപ്പെങ്കിലും വെള്ളത്തിന്റെ വിനിയോഗം ഇത്തവണ കരുതിത്തന്നെ വേണം. പ്രത്യേകിച്ചും മലയോര മേഖലകളിൽ.
27 ശതമാനം കൂടുതൽ തുലാമഴ സംസ്ഥാനത്തു ലഭിച്ചിട്ടും കണ്ണൂരിൽ തുലാമഴ സാധാരണ ലഭിക്കേണ്ട അളവിൽ ലഭിച്ചിട്ടില്ലെന്ന വസ്തുത ഓർത്തുവേണം ജലം വിനിയോഗിക്കാൻ. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലീറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലീറ്റർ എന്നു കണക്കാക്കിയാണ് കേരള ജല അതോറിറ്റി ജലവിതരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ജലോപയോഗം ഈ പരിധിക്കുള്ളിൽ നിർത്തിയില്ലെങ്കിൽ വരാനിരിക്കുന്ന വേനൽക്കാലം ജില്ലയിൽ ബുദ്ധിമുട്ടുണ്ടാക്കും.
Comments
Post a Comment