ഗൂഗിളില്‍ മിന്നി ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നല്‍കാൻ ഗൂഗിളിന് മാത്രം നല്‍കിയത് 39 കോടി
തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നല്‍കാൻ ഗൂഗിളിന് മാത്രം ബി.ജെ.പി നല്‍കിയത് 39 കോടി രൂപ. കണക്കുകള്‍ പ്രകാരം ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെ ഗൂഗിള്‍ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നല്‍കിയത്.
ഇതിനായി 39,41,78,750 കോടി രൂപയാണ് ഗൂഗിളിന് നല്‍കിയത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയില്‍ നല്‍കിയ പരസ്യത്തിന് മെറ്റക്ക് നല്‍കിയ കണക്കുകള്‍ കൂടി പുറത്തുവരുമ്ബോള്‍ ഓണ്‍ലൈൻ പ്രചാരണത്തിന് നല്‍കിയ തുക ഇരട്ടിയാകും.
ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയത്. ബി.ജെ.പി ലക്ഷ്യം വെക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിതാണെന്നാണ് പരസ്യക്കണക്കുകള്‍ പറയുന്നത്. 2024-ന്റെ തുടക്കത്തില്‍ തന്നെ ഓരോ സംസ്ഥാനത്തിനുമായി ബിജെപി രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഉത്തർപ്രദേശില്‍ പരസ്യം നല്‍കാനായി നൂറ് ദിവസത്തിനുള്ളില്‍ 3.38 കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. എന്നാല്‍ ലക്ഷദ്വീപിനാണ് ഏറ്റവും കുറച്ച് ചെലവഴിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. 5000 രൂപയാണ് ദ്വീപിന് നല്‍കിയിരിക്കുന്നത്.
ചെലവഴിച്ച 39.4 കോടി രൂപയുടെ 75 ശതമാനവും അതായത് ₹29.8 കോടി രൂപ ഗൂഗിളില്‍ വിഡിയോ പരസ്യങ്ങള്‍ക്ക് മാത്രമായാണ് ചെലവഴിച്ചത്. ഏകദേശം ₹9.58 കോടിരൂപ ചിത്ര പരസ്യങ്ങള്‍ക്ക് നല്‍കി.ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ട മിക്ക പരസ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി പ്രാദേശിക ഭാഷകളില്‍ തയാറാക്കിയ ഹ്രസ്വ സന്ദേശങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.
അതെ സമയം ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെ 736 പരസ്യങ്ങള്‍ക്കായി ഏകദേശം 8,12,97,750 രൂപയാണ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് ഗൂഗിളിന് നല്‍കിയത്. മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ മാത്രം 2.32 കോടി രൂപയുടെ പരസ്യമാണ് ഗൂഗിള്‍ വഴി കോണ്‍ഗ്രസ് നല്‍കിയത്. ബിജെപിയെപ്പോലെ കോണ്‍ഗ്രസും വിഡിയോ പരസ്യങ്ങളാണ് ഗൂഗിള്‍ വഴി കൂടുതലും നല്‍കിയത്.
Comments
Post a Comment