പുതിയതെരുവില്‍ അപകടം പതിവായി; റോഡാണ് വില്ലൻ
കണ്ണൂർ: പുതിയതെരുവില്‍ റോഡിലെ അപാകതകള്‍ കാരണം യാത്രക്കാരുടെ ജീവൻ പൊലിയുമ്ബോഴും അധികൃതർക്ക് മൗനം. നാളുകളായി ഇവിടെ അപകടം തുടർക്കഥയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പത്തോളം അപകടങ്ങളുണ്ടായി.
കഴിഞ്ഞ ഞായറാഴ്ച രാത്രി പുതിയതെരു ധനരാജ് തീയേറ്ററിന് സമീപം ലോറി കയറി സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യമുണ്ടായി. വളപട്ടണം തങ്ങള്‍ വയലില്‍ താമസിക്കുന്ന അസനാപാത്ത് ഹൗസില്‍ സഫ്വാൻ എന്ന 24 കാരനാണ് മരിച്ചത്. റോഡ് ടാറിംഗിലെ അപാകത കാരണം സ്‌കൂട്ടർ തെന്നിവീഴുകയായിരുന്നു. പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് യുവാവ് മരിച്ചത്.
കണ്ണൂർ തളാപ്പ് മുതല്‍ പുതിയതെരു വരെയുള്ള ദേശീയപാതയില്‍ നിരവധി സ്ഥലങ്ങളിലാണ് റോഡില്‍ സമാനസംഭവമുള്ളതെന്ന പരാതി നേരത്തെ മുതലുണ്ട്. റോഡിന്റെ അരികുകളില്‍ ടാറിംഗ് ഉയർന്ന് നില്‍ക്കുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാവിലെയും അതേസ്ഥലത്ത് വീണ്ടും അപകടം നടന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് റോഡില്‍നിന്ന് തെന്നിവീണ് ലോറിയില്‍ ഇടിക്കുകയായിരുന്നു.
പുതിയതെരു ദേശീയപാതയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. വിദ്യാർത്ഥികളും പ്രായമായവരടക്കം നൂറുകണക്കിനാളുകള്‍ കാല്‍നടയായും കടന്നുപോകുന്നുണ്ട്.
റോഡിലെ ചിലയിടങ്ങളില്‍ ടാർ ഉരുണ്ടുകൂടി ഉയർന്ന നിലയിലും താഴ്ന്നും കിടക്കുന്നു. ഇടയ്ക്ക് നടത്തിയ അറ്റകുറ്റപ്പണിയും കുഴി നികത്തിയതല്ലാതെ ഇതിനൊരു പരിഹാരവും കണ്ടില്ല. ഇരുചക്ര വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുകയാണ്.
പൈപ്പിടാൻ കുഴിച്ചതും
കെണിയായി
പുതിയതെരു ദേശീയപാതയുടെ ഒരുഭാഗം പൈപ്പ് ലൈൻ ഇടാനായി ജലഅതോറിറ്റി കുഴിയെടുത്തിരുന്നു.
പൈപ്പിട്ട ശേഷം കുഴിയടച്ചെങ്കിലും കരിങ്കല്‍ച്ചീളുകളും മണലും റോഡിന് മുകളില്‍ ഉയർന്നുനില്‍ക്കുകയാണ്. മാസങ്ങളായി ഇങ്ങനെ കിടക്കുമ്ബോഴും ഇതിലും നടപടിയില്ല. ഈ മണ്‍ക്കൂനയില്‍ തട്ടിയും നിരവധി കാല്‍നട യാത്രിക്കാർ തെന്നിവീഴുന്നുണ്ട്. മാത്രമല്ല, ഇരുചക്രവാഹനങ്ങള്‍ മണ്‍കൂനയില്‍ തട്ടി മറിയുന്നതും പതിവാണ്.
അശാസ്ത്രീയമായ ടാറിംഗ് കാരണം റോഡ് താഴ്ന്നും ഉയർന്നും തിരമാലപോലെ കിടക്കുന്നതാണ് പ്രധാനമായും അപകട കാരണം. ഇവ യാത്രക്കാർക്ക് കാണാനുമാവില്ല. കുഴിയില്‍ ചാടുമ്ബോഴാണ് അറിയുക. പരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കില്‍ അപകടത്തില്‍പ്പെട്ടത് തന്നെ. മാത്രമല്ല, ഇരുചക്ര വാഹനങ്ങള്‍ വലിയ ആപത്തിലൂടെയാണ് നീങ്ങുന്നത്.
Comments
Post a Comment