'അവൻ എത്തി..... ഖുറേഷി എബ്രഹാം' ; പിറന്നാൾ ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ച് മോഹൻലാൽ
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ മോഹൻലാലിന് ഇന്ന് 64-ാം പിറന്നാളാണ്. സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്.
അതിനിടെ ആരാധകർക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മോഹൻലാല്‍. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'എമ്ബുരാൻ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്കാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.
തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. മോഹൻലാല്‍ സിനിമയില്‍ അവതരിപ്പിക്കുന്ന 'ഖുറേഷി എബ്രഹാം' എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്ബുരാന്റെ അപ്ഡേറ്റ് ഉണ്ടാക്കുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തോക്ക് ധാരികളായ നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെ ഖുറേഷിയുടെ വരവാണ് പുറത്തുവന്ന ചിത്രത്തിലുള്ളത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസിനെത്തുന്ന ചിത്രം നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്. എമ്ബുരാന്റെ ആദ്യഭാഗമായ ലൂസിഫർ ബോക്സോഫീസ് റെക്കോഡുകള്‍ തീർത്തതിനാല്‍തന്നെ ചിത്രത്തിന് ഏറെ പ്രതീക്ഷ ആരാധകർ നല്‍കുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറില്‍ നിർമ്മിക്കുന്ന എമ്ബുരാനില്‍ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്ബനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. മുരളി ഗോപി ആണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടായിരുന്നു എമ്ബുരാന്റേത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് ഖ്യാതിയുള്ള എമ്ബുരാന്റെ ചിത്രീകരണം ഇപ്പോള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച ബഡ്ജറ്റെങ്കില്‍ അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകള്‍. തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം കൊച്ചിയിലും ഗുജറാത്തിലും എമ്ബുരാന് ചിത്രീകരണമുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ബെെജു സന്തോഷ് എന്നിവരും ലൂസിറഫിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഷെെൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങള്‍. സിനിമപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്ബുരാൻ.
Comments
Post a Comment