കനത്ത മഴയിൽ ബൈപ്പാസിൽ വെള്ളക്കെട്ട് ; ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂർ: ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പെയ്ത ശക്തമായ മഴയിലാണ് ബൈപ്പാസിലെ കൊളശേരി ടോള്‍ ബൂത്തിന് സമീപം കണ്ണൂർ ഭാഗത്ത് വലിയ തോതില്‍ വെള്ളം കെട്ടിക്കിടന്നത്. ഇവിടെ മൂന്നടിയിലേറെ ഉയരത്തില്‍ വെള്ളം കെട്ടിക്കിടന്നു. ഇതോടെ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കടന്നുപോകാൻ കഴിയാതെ നിർത്തിയിടുകയായിരുന്നു. മഴ വെള്ളം പെട്ടെന്ന് വാർന്നു പോകാനുള്ള സംവിധാനത്തിന്‍റെ അപര്യാപ്തതയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വെള്ളക്കെട്ട് ഒഴിവായി ഗതാഗതം പൂർണമായ തോതില്‍ സാധ്യമായത്. നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് ആരോപണമുണ്ട്.
ബൈപ്പാസില്‍ നിന്നുള്ള വെള്ളം നിലവില്‍ സർവീസ് റോഡിലേക്കാണ് പൈപ്പ് വഴി ഒഴുക്കി വിടുന്നത്. ഇതു കാരണം ബൈപാസിന്‍റെ ഇരുവശങ്ങളിലുള്ള സർവീസ് റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.
Comments
Post a Comment