കാന്‍സര്‍ മരുന്നുകള്‍ക്ക് ഇനി ലാഭമെടുക്കില്ല, 'സീറോ പ്രോഫിറ്റിൽ' നൽകും; നിര്‍ണായക ഇടപെടലുമായി സർക്കാർ

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ ഇതിലൂടെ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുന്നതാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. 

വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍.) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ 'ലാഭ രഹിത കൗണ്ടറുകള്‍' ആരംഭിക്കും. ജൂലൈ മാസത്തില്‍ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകള്‍ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കുന്നതാണ്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ