പിണറായിയില്‍ 285 കോടി രൂപ ചെലവില്‍ എജുക്കേഷൻ ഹബ്ബ്; നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ധർമടം: ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പിണറായി കണ്‍വെൻഷൻ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.

പോളിടെക്‌നിക് കോളേജ്, ഐ എച്ച്‌ ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ ടി ഐ, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവില്‍ സർവ്വീസ് അക്കാഡമി എന്നിവയാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്‍റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയർ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച്‌ ആർ ഡിയും നിർമ്മാണ മേല്‍നോട്ടം കെ എസ് ഐ ടി ഐ എല്ലും നിർവ്വഹിക്കുന്നു.

നവീനമായ പുതുതലമുറ കോഴ്‌സുകള്‍ ഉള്‍പ്പെടെ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഒറ്റ ക്യാമ്ബസില്‍ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണ്. രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതികള്‍ തുടങ്ങിയവർ സംബന്ധിക്കും.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ