കേന്ദ്രഫണ്ട് എത്തിയില്ല വെണ്ടോട് പാലം പുനർനിർമ്മാണം വൈകുന്നു
കണ്ണാടിപ്പറമ്പ് : നാറാത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡില്‍ ഉള്‍പ്പെടുന്ന വെണ്ടോട് വയല്‍ പാലം തകർന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മാണത്തിന് വഴി തെളിഞ്ഞില്ല.
കേന്ദ്ര ധനകാര്യ ഫണ്ടായ നഗരസഞ്ജയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിക്കപ്പെട്ട പാലത്തിന്റെ പുനർനിർമ്മാണത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്.
നാറാത്ത് പഞ്ചായത്ത് കണ്ണൂർ മുൻസിപ്പല്‍ കോർപ്പറേഷൻ മുഖേനയാണ് നഗരസഞ്ജയ പദ്ധതി സഹായം ലഭിക്കേണ്ടത്. പാലത്തിനായി 41ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പ്രവർത്തനാനുമതിയുമായി. ബി.സി. കം ബ്രിഡ്ജാണ് ഇവിടെ നിർമ്മിക്കേണ്ടത്. ഉപ്പുവെള്ളം കയറുന്നത് തടയാൻ തടയണ ഉള്‍പ്പെടെ നിർമ്മിക്കുന്നതിന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റാണ് സാങ്കേതികതകള്‍ പൂർത്തിയാക്കിയത്. എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ ടെൻഡർ തുടങ്ങാൻ സാധിച്ചിട്ടില്ല.
നഴ്സിംഗ് കോളേജ് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കാല്‍നടയായും മറ്റും സഞ്ചരിക്കുന്ന ഈ വഴിയില്‍ എത്രയും പെട്ടെന്ന് പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം . അപകട സൂചന ബോർഡുകള്‍ സ്ഥാപിച്ചിട്ടും തകർന്ന പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. ഇതുകാരണം തകർന്ന പാലം കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു.
Comments
Post a Comment