കരാര്‍ പുതുക്കി നല്‍കിയില്ല: കണ്ണൂര്‍ കെ.എസ്.ആര്‍.ടിസിക്ക് മുൻപിലെ ഫുഡ് ട്രക്കിന് താഴുവീണു

കണ്ണൂർ: കണ്ണൂർ നഗരത്തില്‍ രാത്രി വൈകിയെത്തുന്നവർക്ക് ആശ്വാസമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മില്‍മയുടെ ഫുഡ് ട്രക്കിന് താഴുവീണു.

ഇതിനായുള്ള അനുമതി കെ.എസ്.ആർ.ടി.സി പുതുക്കി നല്‍കാത്തതാണ് പൂട്ടാൻ കാരണമായതെന്ന് നടത്തിപ്പുകാർ പറഞ്ഞു. ചായക്കട രാവിലെ മുതല്‍ രാത്രി ഏറെ വൈകിയും തുറക്കാറുള്ളതിനാല്‍ യാത്രക്കാർക്കും ഉപകാരപ്രദമായിരുന്നു.

തിരുവനന്തപുരത്ത് തുടങ്ങിയ ലഘുഭക്ഷണശാലയുടെ മാതൃകയില്‍ കണ്ണൂരിന് പുറമെ പാലക്കാട്, പെരിന്തല്‍മണ്ണ, കാസർകോട് എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ലഘുഭക്ഷണശാലകള്‍ തുടങ്ങിയിരുന്നത്. കാലപ്പഴക്കത്താല്‍ കട്ടപ്പുറത്തായ ബസ് രൂപമാറ്റം വരുത്തിയാണ് ലഘു ഭക്ഷണശാലയാക്കി മാറ്റിയത്. ഇതിനായുള്ള ബസും അത് നിർത്തിയിടാൻ ഡിപ്പോയ്ക്ക് സമീപത്തായി സ്ഥലവും കെ.എസ്. ആർ.ടി.സി നല്‍കി. ബസിൻ്റെ അകത്തളം രൂപ മാറ്റം വരുത്തി ഇതിനായി തയ്യാറാക്കിയത് മില്‍മയാണ്.

യാത്രക്കാർക്ക് ബസിനകത്ത് ഇരുന്ന് ചായയും പലഹാരവും കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ബസിന് പുറത്തുനിന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ചായയും പലഹാരവും മാത്രമല്ല, മില്‍മയുടെ 48 ഇനം ഉത്പന്നങ്ങളും ബസിനകത്ത് വില്പനക്കായി വെച്ചിരുന്നു. മില്‍മ ഇതിൻ്റെ നടത്തിപ്പ് ചുമതല സ്വകാര്യവ്യക്തിക്കായിരുന്നു നല്‍കിയിരുന്നത്.

2021 ജൂലായ് 18-ന് അന്നത്തെ മന്ത്രി എം.വി. ഗോവിന്ദനായിരുന്നു ചായക്കട ഉദ്ഘാടനം ചെയ്തത്. മൂന്നു വർഷത്തേക്കാണ് മില്‍മയ്ക്ക് ഫുഡ് ട്രക്കിനായി കെ.എസ്.ആർ.ടി.സി. അനുമതി നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞതോടെ മില്‍മ ഇത് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇനി പുതുക്കേണ്ടെന്നാണ് കെ.എ സ്.ആർ.ടി.സിയുടെ തീരുമാനം.

കൂടുതല്‍ ലാഭകരമായ മറ്റു മാർഗങ്ങള്‍ കണ്ടെത്താനാണ് തീരുമാനം. മാസം 20,000 രൂപയാണ് വാടകയായി മില്‍മ ആദ്യം കെ.എസ്.ആർ.ടി. സി.ക്ക് നല്‍കിയത്. പിന്നീടത് 30,000 രൂപയോളമായിരുന്നു. എന്നാല്‍, നഗരത്തിലെ തിരക്കേറിയ ഇടമായതിനാല്‍ കൂടുതല്‍ തുകയ്ക്ക് ഈ സ്ഥലത്ത് രണ്ട് ബങ്കുകള്‍ തുടങ്ങാനാണ് കെ.എസ്.ആർ.ടി. സിയുടെ തീരുമാനം.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ