റീല്‍സിനും സ്റ്റാറ്റസിനുമായി തെയ്യക്കാവുകളില്‍ ചെറുപ്പക്കാരുടെ തിരക്ക്,പൊറുതിമുട്ടി കോലക്കാരും സംഘാടകരും
കണ്ണൂർ : തെയ്യക്കാവുകളിലെ വീഡിയോ ചിത്രീകരണം അതിരുവിടുന്നു. മൊബൈല്‍ ഫോണുകളുമായി എത്തുന്നവരെക്കൊണ്ട് ക്ഷേത്ര മുറ്റങ്ങള്‍ നിറയുന്നതോടെ ഭക്തരും സംഘാടകരും കോലക്കാരും വലയുകയാണ്.
റീല്‍സിനും സ്റ്റാറ്റസിനും യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനുമൊക്കെയായി ചെറുപ്പക്കാരാണ് കാവുകളില്‍ തിക്കിത്തിരക്കി എത്തുന്നത്. ഇതിനുപുറമെ വിശ്വാസികളായി എത്തുന്നവരും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്നുണ്ട്.
കഴിഞ്ഞദിവസം തലവിലിലെ ക്ഷേത്രത്തിലെത്തിയത് സംഘാടകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച ജനക്കൂട്ടമാണ്. പുലർച്ചെ നടക്കേണ്ട തെയ്യം ചിത്രീകരിക്കാൻ രാത്രിയില്‍ത്തന്നെ ആളുകളെത്തി. ഇരുചക്രവാഹനങ്ങളും കാറുകളും കിലോമീറ്ററോളം റോഡില്‍ നിറഞ്ഞു. ആദ്യമായാണ് ഈ പ്രദേശത്ത് കളിയാട്ടത്തിന് ഇത്രയും ആളുകള്‍ എത്തുന്നത്. സോഷ്യല്‍ മീഡിയ വഴി കിട്ടിയ പ്രചാരണമാണ് ഇതിന് കാരണമായത്.
കണ്ണൂരിനുപുറമെ തെക്കൻ ജില്ലകളില്‍നിന്നുപോലും ഓണ്‍ലൈൻ ചാനലുകാരും വ്ലോഗർമാരും എത്തിയതായി സംഘാടകർ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കളിയാട്ടസ്ഥലത്തേക്ക് പ്രവേശിക്കാൻ എളുപ്പമായിരുന്നില്ല. നേർച്ച നേർന്നവർക്ക് ആള്‍ക്കൂട്ടം പിരിഞ്ഞുപോകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.
Comments
Post a Comment