ആവേശ തുഴയെറിഞ്ഞ് കണ്ണൂര്‍ കയാക്കത്തോണ്‍ ചാമ്ബ്യൻഷിപ്പ്
കണ്ണൂർ: വളപട്ടണം പുഴയുടെ ഓളങ്ങളെ തുഴക്കരുത്തില്‍ കീഴടക്കി 'കണ്ണൂർ കയാക്കത്തോണ്‍ 2024' ദേശീയ കയാക്കിംഗ് ചാമ്ബ്യൻഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ രജീഷ് കുളങ്ങരയും വനിതാ സിംഗിള്‍സില്‍ ഇ.സ്വാലിഹയും ചാമ്ബ്യന്മാരായി. രജീഷ് കുളങ്ങര ഒരു മണിക്കൂർ 25 മിനിറ്റ് 36 സെക്കന്റും ഇ. സ്വാലിഹ ഒരു മണിക്കൂർ 36 മിനിറ്റ് 55 സെക്കന്റും എടുത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ഡബിള്‍സില്‍ ആദർശ് പി. അനില്‍കുമാറും കെ.ആർ കണ്ണനും അടങ്ങിയ ടീം ഒന്നാമതെത്തി. കഴിഞ്ഞ ചാമ്ബ്യൻഷിപ്പിലും ഇവർക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. മിക്സഡ് ഡബിള്‍സില്‍ ഷെയ്ബിൻ, നന്ദന ടീം ജേതാക്കളായി.
പുരുഷന്മാരുടെ സിംഗിള്‍സില്‍ തേജസ് രാഘവ് രണ്ടാമതും എൻ.ആർ ആന്റണി മൂന്നാമതുമായി ഫിനിഷ് ചെയ്തു. വനിതകളുടെ സിംഗിള്‍സില്‍ പി. ദില്‍ഷയും വിൻഷ ശരത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സില്‍, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചാമ്ബ്യൻഷിപ്പ് പറശ്ശിനിക്കടവില്‍ കെ.വി. സുമേഷ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലില്‍ നിന്ന് ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച മത്സരം പത്ത് മണിയോടെ അഴീക്കല്‍ തുറമുഖത്ത് അവസാനിച്ചു. 11 കിലോമീറ്റർ ദൂരത്തിലായിരുന്നു മത്സരം.
അഴീക്കല്‍ പോർട്ട് പരിസരത്ത് നടന്ന ചടങ്ങില്‍ കെ.വി. സുമേഷ് എം.എല്‍.എ സമ്മാനദാനം നടത്തി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവർക്ക് പുറമെ ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി 86 മത്സരാർത്ഥികള്‍ ചാമ്ബ്യൻഷിപ്പില്‍ മാറ്റുരച്ചു. 2022 ല്‍ തുടക്കം കുറിച്ച ചാമ്ബ്യൻഷിപ്പിന്റെ രണ്ടാം എഡിഷനാണ് നടന്നത്.
Comments
Post a Comment