മുത്തപ്പൻ്റെ പേരിൽ വ്യാജ പ്രസാദം. ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേരിലാണ് പറശ്ശിനിക്കടവിൽ പ്രസാദം വിൽക്കുന്നത്

കണ്ണൂർ:
പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദമെന്ന പേരില്‍ ഭക്തര്‍ക്കിടയില്‍ അരവണ പായസം വില്‍പ്പന നടത്തുന്നതിനെതിരെ അറിയിപ്പ്.

മടപ്പുരയില്‍ നിന്നും അരവണ പായസം വില്‍പ്പന നടത്തുന്നില്ലെന്നാണ് അറിയിപ്പ്. കൂടാതെ മടപ്പുരയിലെ കോലധാരി വിവിധയിടങ്ങളില്‍ നിന്നും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനെതിരേയും പ്രതികരണമുണ്ട്. മുത്തപ്പന്റെ കോലം ധരിക്കുമ്ബോള്‍ മാത്രമാണ് കോലധാരി ദൈവമാകുന്നത്. മുത്തപ്പന്റെ തിരുമുടി ശിരസ്സില്‍ നിന്ന് അഴിച്ചു കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ കോലധാരി വീണ്ടും വെറും മനുഷ്യന്‍ മാത്രമാണ്. മുത്തപ്പന്റെ പ്രതിപുരുഷനായി കാണുന്നത് മടയനെ മാത്രമാണ്. ഭക്തരുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും വഞ്ചിതരാകരുതെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള അറിയിപ്പില്‍ പറയുന്നു.

*സോഷ്യല്‍ മീഡിയവഴിയുള്ള അറിയിപ്പ് ഇങ്ങനെ,*

പറശ്ശിനിക്കടവ് മുത്തപ്പന്റെ ഭക്തര്‍ക്കിടയിലും സോഷ്യല്‍ മീഡിയകളിലും കുറച്ചു ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകന്ന രണ്ട് വിഷയങ്ങളാണ് 'ശ്രീ മുത്തപ്പന്‍ അരവണ പായസം' എന്ന വ്യാജ പ്രസാദവും, മറ്റൊന്ന് പറശ്ശിനിക്കടവിലെ കോലധാരി പല സ്ഥലങ്ങളിലും പോയി മുത്തപ്പന്റെ കോലം ധരിക്കാതെ ചടങ്ങുകള്‍ ചെയാതെ, താന്‍ തന്നെയാണ് മുത്തപ്പന്‍ എന്ന് ഭക്തരെ തെറ്റിധരിപ്പിച്ച്‌, ഭക്തരെ കൊണ്ട് തന്റെ കാലില്‍ നമസ്‌ക്കരിപ്പിച്ച്‌, ദക്ഷിണ വാങ്ങി അനുഗ്രഹം നല്‍കുന്നതുമായ വീഡിയോ ചിത്രവും. ഇവര്‍ രണ്ടു പേരും തന്നെ ഭക്തജനങ്ങള്‍ക്ക് ശ്രീ മുത്തപ്പനോടുള്ള ഭക്തിയും ആരാധനയും സ്‌നേഹവുമെല്ലാം മുതലെടുക്കുകയാണ് ചെയ്യുന്നത്. ഈ കാര്യങ്ങളൊന്നും അറിയാതെ കുറെ ഭക്തര്‍ ഈ ചൂഷങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്.

മുത്തപ്പന് കള്ളും ചുട്ട മത്സ്യവും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും പയറും തേങ്ങയും ഇളനീരുമാണ് നിവേദ്യമായി അര്‍പ്പിക്കുന്നത്. മുത്തപ്പന്റ പ്രസാദമായി ഭക്തര്‍ക്ക് നല്കി വരുന്നത് പയര്‍ പുഴുങ്ങി അതില്‍ നീളത്തിലുള്ള തേങ്ങാ കൊത്തും നെറ്റിയില്‍ തൊടുവാന്‍ ഭസ്മവും മാത്രമാണ്. പറശ്ശിനിക്കടവില്‍ എത്തുന്ന ഭക്തരെ അവിടുത്തെ അഥിതികളായിട്ടാണ് പരിഗണിക്കപ്പെടുന്നത്, അതുകൊണ്ട് പറശ്ശിനിക്കടവില്‍ പ്രസാദത്തിന്റെ കൂടെ ചായയും രണ്ട് നേരം ഭക്ഷണവും രാത്രിയില്‍ വിശ്രമിക്കുവാന്‍ പായയും കിടക്കുവാനുള്ള സൗകര്യം നല്‍കി വരുന്നു.

മുത്തപ്പന് നിവേദ്യമായി എവിടെയും പായസം നല്കാറില്ല. ഈ കാര്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന ആള്‍ക്കാര്‍ തന്നെയാണ്.
'ശ്രീ മുത്തപ്പന്‍ അരവണ പായസം' എന്ന പേരില്‍ ടിന്നിലടച്ച പായസം വെറും സാമ്ബത്തിക ലാഭം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് വിപണിയില്‍ ഇറക്കിയതും വില്പന നടത്തുന്നതും. ഭക്തജനങ്ങള്‍ മുത്തപ്പന്റെ പ്രസാദം എന്ന രീതിയില്‍ തെറ്റി ധരിക്കപ്പെട്ട് ഇത് വാങ്ങിച്ച്‌ വഞ്ചിതരാകരുത്. ശ്രീ മുത്തപ്പന്‍ അരവണയ്ക്ക് പറശ്ശിനി മടപ്പുര ശ്രീമുത്തപ്പനുമായി യാതൊരു വിധത്തിലും ബന്ധമില്ല എന്ന കാര്യം മനസ്സില്‍ ഓര്‍ക്കുക.

മറ്റൊരു കാര്യം പറശ്ശിനിമടപ്പുരയിലെ കോലധാരി കേരളത്തിലെ പല സ്ഥലങ്ങളിലും, തന്നെ സ്വീകരിക്കാനായി സ്വീകരണ പരിപാടി സംഘടിപ്പിച്ച്‌. ആ പരിപാടിക്കിടയില്‍ ഭക്തരെ കൊണ്ട് തന്റെ കാലില്‍ നമസ്‌കരിപ്പിച്ച്‌ ദക്ഷിണ സ്വീകരിച്ച്‌ അനുഗ്രഹം നല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതിനെ പറ്റിയാണ്.

സത്യത്തില്‍ ഭക്ത ജനങ്ങള്‍ക്ക് മുത്തപ്പന്റെ പൂജാരീതികളെ കുറിച്ചുള്ള അറിവില്ലായ്മ മുതലെടുക്കുകയാണ് കോലധാരി ചെയ്യുന്നത്. പ്രത്യേകിച്ച്‌ മധ്യ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും മുത്തപ്പ ഭക്തരുടെ പരിചയക്കുറവും അറിവില്ലായ്മയും.

കോലധാരി എന്നത് മുത്തപ്പന്റ കോലം ധരിക്കുന്ന ആള്‍ മാത്രമാണ്. മുത്തപ്പനെ പൂജിക്കുന്നതും ഉപാസിക്കുന്നതും മടയസ്ഥാനത്ത് ആചാരപ്പെട്ടവരാണ്. മുത്തപ്പന് നിത്യ പൂജ ചെയ്യുന്നതും നിവേദിക്കുന്നതും എല്ലാം മടയന്‍ സ്ഥാനത്ത് ആചാരപ്പെട്ടവരാണ്. മുത്തപ്പന്റെ കോലം ധരിച്ചെത്തുന്ന കോലധാരിയിലേക്ക് മുത്തപ്പന്റെ ശക്തിയും പ്രഭാവവും പകര്‍ന്നു നല്കുന്നത് മടയന്റ പൂജകളിലൂടെയാണ്. മുത്തപ്പന്റെ ശക്തിയും ചൈതന്യവും കൈവന്ന കോലധാരി ഭക്തരുടെ സങ്കടങ്ങളും പരിഭവങ്ങളും കേട്ട് അവര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നു. മുത്തപ്പന്റെ തിരുമുടി ശിരസ്സില്‍ നിന്ന് അഴിച്ചു കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ കോലധാരി വീണ്ടും വെറും മനുഷ്യന്‍ മാത്രമാണ്. ഈ കാര്യം മനസ്സിലാക്കാതെയാണ് ഭക്തജനങ്ങള്‍ തെറ്റിധരിക്കപ്പെട്ടുന്നത്

പറശ്ശിനിമടപ്പുര തറവാട്ടില്‍ മടയന്‍ സ്ഥാനികരെ മുത്തപ്പന്റെ പ്രതിപുരുഷനായിട്ടാണ് കാണുന്നത്. മുത്തപ്പന്റെ കോലം ഇല്ലാത്ത നേരത്ത് ഭക്തജനങ്ങള്‍ അവരുടെ സങ്കടങ്ങള്‍ പറയാനും അനുഗ്രഹം വാങ്ങിക്കുന്നതിനും മടയനെ ആണ് സമീപിക്കേണ്ടത്. മടയനു മാത്രമാണ് അതിനുള്ള യോഗ്യതയും അധികാരവും. പറശ്ശിനിമടപ്പുരയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയും ട്രസ്റ്റിയും ജനറല്‍ മാനേജറും എല്ലാം മടയനാണ്. അല്ലാതെ കോലധാരിയല്ല.

ഈ രണ്ട് കാര്യങ്ങളും വ്യക്തവരുത്തി ഭക്തജനങ്ങളിലേക്ക് എത്തിക്കുന്നത്, മുത്തപ്പഭക്തര്‍ ഇനിയും വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ