സ്വർണാഭരണ നിർമാണ ശാലയിൽ തീപ്പിടിത്തം
കണ്ണൂർ: നഗരമധ്യത്തിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമാണശാലയിൽ തീപ്പിടിത്തമുണ്ടായി.
ബെല്ലാർഡ് റോഡിലെ കല്യാണി കോംപ്ലക്സിലുള്ള മൗസിം ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു തീപ്പിടിത്തം. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയിരുന്നു. നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് തീപ്പിടിത്തമുണ്ടായത് ജീവനക്കാർ അറിഞ്ഞത്.
മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു മുറി പൂർണമായി കത്തി നശിച്ചു. ഇതിൽ ഉണ്ടായിരുന്ന വാതക സിലിൻഡർ പൊട്ടിത്തെറിച്ചു.
ഉടൻ വിവരമറിയിച്ചെത്തിയ അഗ്നിരക്ഷാ സേന പെട്ടെന്ന് തന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന ആർ.പ്രസേന്ദ്രന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
Comments
Post a Comment