എഴുന്നള്ളിപ്പിന് റോബോട്ട് ആനയെ സൗജന്യമായി നൽകാൻ പെറ്റ ഇന്ത്യ
ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആന തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നവരെ സമാധാനിപ്പിച്ച് നിർത്താൻ റോബോട്ട് ആനകളുമായി തൃശ്ശൂരിലെ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്‌സും ‘പെറ്റ ഇന്ത്യ’ (പ്യൂപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഫോർ ആനിമൽ) എന്ന സന്നദ്ധസംഘവും.
കൊയിലാണ്ടിയിൽ ആന എഴുന്നള്ളിപ്പിനിടെ ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർ മരിക്കാനും, ഒട്ടേറെപ്പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തെ തുടർന്നാണ്, ഭാവിയിൽ ഈ ക്ഷേത്രത്തിൽ ജീവനുള്ള ആനകളെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തില്ലെന്ന് രേഖാമൂലം അറിയിച്ചാൽ പകരം സംവിധാനം എന്ന നിലയിൽ റോബോട്ട് ആനയെ നൽകാമെന്ന വാഗ്ദാനവുമായി പെറ്റ ഇന്ത്യ രംഗത്തെത്തിയത്.
മൃഗങ്ങളെ സന്മാർഗികമായി ഉപയോഗപ്പെടുത്താൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന ആണിത്.
തൃശ്ശൂർ തിരുവമ്പാടി കുന്നത്ത് ലെയ്‌നിൽ പ്രവർത്തിക്കുന്ന ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് പെറ്റ ഇന്ത്യ റോബോട്ട് ആനകളെ ദാനമായി നൽകുക.
റോബോട്ട് ആനയെ വേണ്ടാത്തവർക്ക് രഥമോ, തേരോ ദാനം ചെയ്യാനും പെറ്റ ഇന്ത്യ ഒരുക്കമാണ്. കണ്ണിലെ കൃഷ്ണമണി ചലിക്കുകയും ചെവിയും തുമ്പികൈയും വാലും ചലിക്കുകയും ചെയ്യുന്ന തരത്തിൽ രൂപകല്പന ചെയ്തിട്ടുള്ള ഫൈബർ ആനയെയാണ് പെറ്റ ഇന്ത്യ ദാനം ചെയ്യുക.
ഏണിവച്ച് ആനപ്പുറത്ത് കയറി നാല് പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് രൂപകല്പന. തിടമ്പ് വച്ച് കെട്ടാൻ സൗകര്യമുണ്ട്. കോലം, കുട, ആലവട്ടം, വെഞ്ചാമരം എന്നിവ പിടിക്കുന്നവർക്ക് റോബോട്ട് ആനയുടെ പുറത്ത് സുഖമായി ഇരിക്കാം.
തുമ്പിക്കൈയും തലയും വാലും ചെവിയും ചലിപ്പിക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള ബാറ്ററി ആളുകൾക്ക് വൈദ്യുതാഘാതം ഏൽക്കാത്ത വിധത്തിലാണ് റോബോട്ട് ആനയുടെ ഉള്ളിൽ സജ്ജമാക്കുന്നത്. എട്ട് ലക്ഷം രൂപയോളം ആനക്ക് ചെലവ് വരും. എട്ട് ക്വിന്റൽ ആണ് തൂക്കം.
റോബോർട്ട് ആനയുടെ ആദ്യത്തെ രണ്ട് വർഷത്തെ മെയിന്റനൻസ് ചെലവും പെറ്റ ഇന്ത്യ വഹിക്കും. ഈ റോബോട്ട് ആനയെ ചക്രം ഘടിപ്പിച്ച പ്ളാറ്റ്‌ഫോം ഉപയോഗിച്ച് ഭക്തർക്ക് തള്ളി നീക്കാനും പറ്റും.
റോബോട്ട് ആനയോ രഥമോ ആവശ്യമുള്ള ക്ഷേത്രങ്ങൾ, ആന ഉടമകൾ എന്നിവർ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സുമായി ബന്ധപ്പെടണമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി കെ വെങ്കിടാചലം അറിയിച്ചു.
ഫോൺ: 9495712811, 8700935202
Comments
Post a Comment