ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാറുണ്ടോ? കെണിയില്‍ വീഴാതിരിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കൂ!

തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുഐഡിഎഐ. ആധാര്‍ രഹസ്യമായി ഉപയോഗിക്കാന്‍ ജനങ്ങളോട് യുഐഡിഎഐ നിര്‍ദേശിച്ചു. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത ആധാര്‍ ഉപയോഗിക്കുമ്പോഴും സ്വീകരിക്കണമെന്നതാണ് യുഐഡിഎഐയുടെ മുന്നറിയിപ്പിലെ പ്രധാനപ്പെട്ട കാര്യം. ആധാര്‍ നമ്പര്‍ പങ്കുവെയ്ക്കാന്‍ താത്പര്യപ്പെടുന്നില്ലെങ്കില്‍ വിര്‍ച്വല്‍ ഐഡന്റിഫയര്‍ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്നും യുഐഡിഎഐയുടെ പ്രസ്താവനയില്‍ പറയുന്നു. യുഐഡിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയോ മൈആധാര്‍ പോര്‍ട്ടല്‍ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആധാറിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ആധാര്‍ ലോക്കിങ്, ബയോമെട്രിക് ലോക്കിങ് എന്നി സൗകര്യങ്ങളും ഉപയോഗിക്കാവുന്നതാണെന്നും യുഐഡിഎഐ അറിയിച്ചു. ആധാറിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും യുഐഡിഎഐ വ്യക്തമാക്കി.