മൊബൈൽ ഫോണിൽ ഗെയിംകളിക്കുന്നതിനിടെ ഹൃദയാഘാതം : ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു
തളിപ്പറമ്പ്: മൊബൈൽ ഫോണിൽ ഗെയിംകളിക്കുന്നതിനിടെ ഹൃദയാഘാതം. ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. പശ്ചിമബംഗാൾ നോർത്ത് പർഗാന ഗബ്ല സ്വദേശി മാനസ മഹാലി (43) യാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. ബക്കളം കുറ്റിക്കോലിലെ വാടക ക്വാട്ടേർസിൽ സുഹൃത്തുക്കൾക്കൊപ്പം മൊബൈൽ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്ക് മുമ്പാണ് നിർമ്മാണ പ്രവൃത്തികൾക്കായി യുവാവ് കുറ്റിക്കോലിൽ എത്തിയത്. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.